
വിവാദങ്ങള്‍ക്കെല്ലാം വിട നൽകി, സുരേഷ് ഗോപി ചിത്രം ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള തിയറ്ററുകളില്‍ നിറഞ്ഞോടുന്നു. തീപ്പൊരി ഡയലോഗുകള്‍, ആദ്യ പകുതി സുരേഷ് ഗോപി ഷോ തന്നെ എന്നാണ് ആദ്യ ഷോ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ പ്രതികരണം.
കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ചിത്രത്തിന്റെ കഥാഗതിയിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്.
അനുപമ പരമേശ്വരൻ, സുരേഷ് ഗോപി എന്നിവരുടെ തകർപ്പൻ പെർഫോമൻസ് ആണ് സിനിമയുടെ ഹൈലൈറ്റെന്നും സെന്‍സർ ബോർഡിന്റെ അനാവശ്യമായ ഇടപെടലുകൾ സിനിമയെ ഒട്ടും ബാധിച്ചിട്ടില്ലെന്നും ചിത്രം കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു.
'അടിപൊളി പടം', 'സുരേഷ് ഗോപിയെ ഒക്കെ ഇപ്പോഴത്തെ യുവതാരങ്ങൾ കണ്ടുപഠിക്കട്ടെ', 'സുരേഷ് ഗോപി ഒക്കെ സ്ക്രീൻ വന്നു നിന്നാൽ തന്നെ തീയാണ്' എന്നിങ്ങനെയാണ് പ്രേക്ഷകരുടെ കമന്റുകൾ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഏഴു ഭാഗങ്ങളിൽ ജാനകി എന്ന പേര് സിനിമയിൽ നിന്ന് മ്യൂട്ട് ചെയ്തിട്ടുണ്ട്. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്റെ പേര് ജാനകി വി എന്ന് ചേർത്തിട്ടുണ്ട്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്.