
കൊച്ചി: ജാനകി സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് നിരവധി ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നൽകുന്നതിൽ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി.
ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് ചോദിച്ച കോടതി അഹമ്മജ്, രാമൻ, കൃഷ്ണൻ എന്നൊക്കെ മതപരമായ പേരുകളുളള ഒരുപാടുപേർ രാജ്യത്തില്ലേയെന്നും ചോദിച്ചു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവിൽ നൽകിയ കാരണങ്ങൾക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണം.കേസിൽ ഹർജിക്കാരൻ്റെ ഭാഗം കേട്ട കോടതി കേസിൽ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റി.
ജാനകി എന്ന കഥാപാത്രം ഒരു റേപ് വിക്ടിം ആണെന്ന് ഹർജിക്കാരൻ പറഞ്ഞു. റേപ്പിസ്റ്റ് അല്ലല്ലോയെന്ന് ചോദിച്ച കോടതി, നീതിയ്ക്കുവേണ്ടിയുളള പോരാട്ടം അല്ലെ സിനിമയിലെ കഥാതന്തു, പിന്നെ എന്താണ് കുഴപ്പമെന്നും ചോദിച്ചു. ആരുടെ വികാരങ്ങളെയാണ് ഈ പേര് വൃണപ്പെടുത്തുന്നതെന്ന് സെൻസർ ബോർഡ് മറുപടി പറയണം.
കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാകൾ രംഗത്തെത്തി. എന്നാൽ സിനിമ കാണേണ്ട സാഹചര്യം നിലവിൽ ഇല്ല എന്നും കോടതി പറഞ്ഞു. ജാനകി എന്ന പേര് എങ്ങനെയാണ് പ്രോകോപിതമാകുന്നത്.ഇന്ത്യയിൽ 80 ശതമാനം പേരുകളും മതപരമായി ഉള്ളതാണ്. മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിൻ്റെ നാമങ്ങളാണ്. ജാനകിക്ക് എന്താണ് പ്രശ്നമെന്നും പേര് ഉപയോഗിക്കാൻ എന്ത് കൊണ്ട് ആവില്ല എന്ന് കൃത്യമായ വിശദീകരണം നൽകാൻ കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു.