കണ്ണൂര്‍: ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജയില്‍ ചാടിയ കുറ്റത്തിന് രണ്ടാഴ്ചത്തേക്ക് ഗോവിന്ദച്ചാമിയെ റിമാന്‍ഡ് ചെയ്തു. വിയ്യൂരിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ജയില്‍ മേധാവി പിന്നീട് തീരുമാനമെടുക്കും. സംഭവത്തിൽ ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.
കമ്പി മുറിക്കാനുള്ള ഹാക്‌സോ ബ്ലേഡ് തന്നത് ജയിലിലുള്ള അന്തേവാസി.ഫെന്‍സിങ്ങിന്റെ തൂണില്‍ കുരുക്കിട്ട് തുണി കൊണ്ടുണ്ടാക്കിയ വടത്തിലൂടെ മുകളില്‍ കയറി. തിരിച്ചിറങ്ങാനും തുണി കൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ചതായും ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി.
കണ്ണൂർ സെൻട്രൽ ജയിലിലെ 10-ാo ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. സെല്ലിൽ ഒരു തടവുകാരൻ കൂടി ഉണ്ടായിരുന്നു. 2 കമ്പികൾ മുറിച്ചാണ് ഇന്ന് പുലർച്ചെ ഒന്നേകാലോടെ ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ജയിലിലെ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേഡാണ് കമ്പി മുറിക്കാനുപയോഗിച്ചത്. റിമാൻഡ് തടവുകാർ ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് രക്ഷപ്പെട്ടത്.
തളപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്. ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആൾക്കാർ എത്തി. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു. എന്നാൽ പൊലീസ് ഇയാളെ പിടികൂടി.
അതേ സമയം,ജയില്‍ അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം മാത്രമാണോ ജയില്‍ ചാട്ടം എളുപ്പമാക്കിയതെന്ന ചോദ്യം അവശേഷിക്കുന്നു. വളരെയധികം കട്ടി കൂടിയ അഴികള്‍ ഇത്ര എളുപ്പത്തിൽ എങ്ങനെ മുറിച്ചു. മതില്‍ ചാടാന്‍ തക്ക തുണികള്‍ ശേഖരിച്ചത് എവിടെ നിന്ന്. ഗോവിന്ദച്ചാമി ജയില്‍ ചാടി മൂന്നര മണിക്കൂറിന് ശേഷമാണ് അധികൃതര്‍ വിവരം അറിഞ്ഞതെന്നവാദം അടിമുടി സംശയം ഉയർത്തുന്നു.