Jail bribery case, Vigilance says DIG Vinod Kumar took money from Kodi Suni and others

ജയിൽ കോഴക്കേസ്: കൊടി സുനിയിൽ നിന്നടക്കം DIG വിനോദ് കുമാർ പണം വാങ്ങിയെന്ന് വിജിലൻസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | Bribery case

അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം
Published on

തിരുവനന്തപുരം: ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാർ പ്രതിയായ ജയിൽ കോഴക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ അടുത്ത ബന്ധുവിൽ നിന്നടക്കം ഡിഐജി പണം വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. ഗൂഗിൾ പേ വഴിയാണ് പണമിടപാടുകൾ നടന്നതെന്നാണ് സൂചന.(Jail bribery case, Vigilance says DIG Vinod Kumar took money from Kodi Suni and others)

വിനോദ് കുമാർ എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്ന് നേരിട്ട് പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. പരോൾ അനുവദിക്കുന്നതിനും ജയിലിനുള്ളിൽ വഴിവിട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് ഇത്തരത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയത്. മാസങ്ങളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്ന വിനോദ് കുമാർ, പരോൾ കാലാവധി നീട്ടുന്നതിനും തടവുകാർക്ക് ഇഷ്ടപ്പെട്ട ജയിലുകളിലേക്ക് സ്ഥലം മാറ്റം വാഗ്ദാനം ചെയ്തും വലിയ തോതിൽ പണപ്പിരിവ് നടത്തിയെന്നാണ് കണ്ടെത്തൽ.

തടവുകാരുടെ ബന്ധുക്കളിൽ നിന്ന് മാത്രമല്ല, സഹപ്രവർത്തകരായ ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും വിനോദ് കുമാർ പണം തട്ടിയതായി വിജിലൻസ് റിപ്പോർട്ടിലുണ്ട്. തെക്കൻ കേരളത്തിലെ ഒരു സബ് ജയിൽ സൂപ്രണ്ടിൽ നിന്നും ഗൂഗിൾ പേ വഴി പണം വാങ്ങി. ജയിൽ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും ഡിഐജി കൈക്കൂലി വാങ്ങിയതായി തെളിവുകൾ ലഭിച്ചു.

ഭരണനേതൃത്വവുമായുള്ള സ്വാധീനം ഉപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് ഇയാൾ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനായി വിരമിച്ച ഒരു ജയിൽ ഉദ്യോഗസ്ഥനെയാണ് വിനോദ് കുമാർ ഏജന്റായി നിയമിച്ചിരുന്നത്. ഇയാൾ വഴിയാണ് പല സാമ്പത്തിക ഇടപാടുകളും നടന്നത്.

കേസുമായി ബന്ധപ്പെട്ട് ഡിഐജി വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടു. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഈ ഇടപാടിൽ പങ്കുണ്ടോ എന്നും വിജിലൻസ് പരിശോധിച്ചുവരികയാണ്.

Times Kerala
timeskerala.com