
ബിഗ് ബോസ് ഏഴാം സീസണിൽ വൈല്‍ഡ് കാര്‍ഡായി ഹൗസിലെത്തിയ മത്സരാര്‍ത്ഥിയായിരുന്നു മസ്‍താനി. വീട്ടിലെത്തി രാണ്ടാമത്തെ ആഴ്ച തന്നെ പുറത്താകുകയും ചെയ്തിരുന്നു. മസ്താനിയുടെ പ്രവർത്തികളും സംസാരവും പ്രേക്ഷകർക്കിടയിലും മത്സരാർത്ഥികൾക്കിടയിലും ഒരു പോലെ അനിഷ്ടം ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ മസ്‍താനിയുടെ പുറത്താകല്‍ വീടിനകത്തും പുറത്തുമുള്ളവര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു.
ഇതിനു പിന്നാലെ താൻ ബിഗ് ബോസില്‍ നിന്ന് പുറത്തായിരിക്കുകയാണെന്നും എല്ലാ എപ്പിസോഡും കണ്ടതിന് ശേഷം അതിനനുസരിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നതായിരിക്കുമെന്ന് മസ്താനി പറഞ്ഞിരുന്നു.
തന്റെ എല്ലാ ഹേറ്റേഴ്‍സിനും നന്ദിയെന്നും ഫ്രീ പ്രൊമോഷന് ഹേറ്റേഴ്സിന് നന്ദിയെന്നും മസ്താനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. "താൻ ചെയ്‍തതിനേക്കാളും തനിക്ക് പോപ്പുലാരിറ്റി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്‍തത്. എന്ത് രസാ അവറ്റകളുടെ എല്ലാം കരച്ചില്‍ കേള്‍ക്കാൻ." - എന്നായിരുന്നു മസ്താനി കുറിച്ചത്.
മസ്താനി പുറത്തായി ഒരാഴ്ച പിന്നിട്ടിട്ടും സൈബർ ബുള്ളിയിംഗ് തുടരുകയാണ്. ഇതിനു പിന്നാലെ പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താൻ തയ്യാറാണെന്നും ചിലർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും കാട്ടി മസ്താനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"തനിക്കെതിരെ പ്രചരിക്കുന്ന വിവിധ ആരോപണങ്ങളെക്കുറിച്ച് താൻ ബോധവതിയാണ്, അവയിൽ ചിലർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സൈബർ ഭീഷണി എന്ന അനുഭവം തന്നെ മാനസികമായി ബാധിച്ചിട്ടുണ്ടെങ്കിലും, തളരാതിരിക്കാൻ താൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. പൊതുശ്രദ്ധയിലുള്ള ഒരു വ്യക്തിയെന്ന നിലയിൽ, തുറന്നതും സുതാര്യവുമായ രീതിയിൽ പ്രതികരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് താൻ തിരിച്ചറിയുന്നു. നിങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ താൻ തയ്യാറാണ്." -മസ്താനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.