കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനോട് മുസ്ലീം ലീഗ് അധിക സീറ്റുകൾ ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കഴിഞ്ഞ തവണ മത്സരിച്ച ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്നും സീറ്റുകൾ വെച്ചുമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം കണക്കിലെടുക്കുമ്പോൾ ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ട്. കോൺഗ്രസ് ഈ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാരുടെ കാര്യത്തിൽ മൂന്ന് ടേം നിബന്ധന നിർബന്ധമാക്കില്ല. എന്നാൽ, വിജയസാധ്യതയും പ്രാദേശിക സാഹചര്യങ്ങളും പരിഗണിച്ച് ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി മാറ്റം ഉണ്ടായേക്കാം.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുവജനങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലും യുവരക്തത്തിന് മുൻതൂക്കം നൽകുമെന്ന സൂചന തങ്ങൾ നൽകി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ (2021) 25 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. ഇത്തവണ രണ്ടോ മൂന്നോ സീറ്റുകൾ അധികം വേണമെന്ന ആവശ്യം ലീഗ് യു.ഡി.എഫ് വേദിയിൽ ഉന്നയിക്കാനാണ് സാധ്യത. മണ്ഡലം മാറ്റത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തങ്ങൾ അത് തള്ളിക്കളഞ്ഞു.