കോട്ടയം: രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ് പോഷക സംഘടനകളായ ബജ്‌റങ്ദളും വിശ്വഹിന്ദു പരിഷത്തുമാണെന്ന് (VHP) ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആരോപിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.(It won't be long before they enter the church, Orthodox Church leader responds to attacks on Christians)
നേരത്തെ കന്യാസ്ത്രീകൾക്ക് നേരെയായിരുന്നു ആക്രമണമെങ്കിൽ ഇപ്പോൾ അത് വൈദികർക്ക് നേരെയായിരിക്കുന്നു. പള്ളികൾക്ക് പുറത്തെ ക്രിസ്മസ് ആഘോഷങ്ങൾ നശിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പള്ളിക്കകത്ത് കയറി ആക്രമിക്കാൻ അധികം താമസമില്ലെന്നും അദ്ദേഹം ആശങ്കപ്പെട്ടു.
മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ രാജ്യത്തെ ഭരണാധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്. അക്രമികളെ നിയന്ത്രിക്കാൻ തയ്യാറാകാത്തത് അവരുടെ പദ്ധതിയുടെ ഭാഗമാണെന്ന് ന്യൂനപക്ഷങ്ങൾ മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ള ആരാധനാലയങ്ങൾ നിർമ്മിക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.