ആലപ്പുഴ: ബലാത്സംഗ കേസിൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോൾ തന്നെ നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നും, അത് ഇന്ന് പ്രഖ്യാപിച്ചുവെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. (It was decided to expel Rahul Mamkootathil yesterday itself, says VD Satheesan)
ആദ്യം പരാതി വന്നപ്പോൾ തന്നെ ഏകകണ്ഠമായി രാഹുലിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും നേതാക്കളെല്ലാം കൂട്ടായെടുത്ത തീരുമാനമായിരുന്നു അതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. രാഹുലിനെതിരെ രണ്ടാമത്തെ പരാതി കൂടി വന്നതോടെ ഇന്നലെ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നേതൃത്വം കൂടിയാലോചിച്ച് ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു.
തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെയാണോ ഇന്നാണോയെന്നതിൽ പ്രസക്തിയില്ല. തൻ്റെ പാർട്ടിയിൽ അഭിമാനമുണ്ട്. ഇത്തരമൊരു തീരുമാനം കൂട്ടായാണ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യമെടുത്ത തീരുമാനം ശരിയായെന്ന് പുറത്താക്കിയ നടപടിയോടെ വ്യക്തമായി.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കി. രാഹുൽ രാജിവെക്കുകയോ വെക്കാതിരിക്കുകയോ എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല. ഇനി പാർട്ടിക്ക് യാതൊരു ബാധ്യതയുമില്ല. ഇനി ഒന്ന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പാർട്ടിയിൽ നിന്ന് പുറത്താക്കി കഴിഞ്ഞു. അതിനാൽ രാജിയുടെ കാര്യത്തിൽ എന്തു തീരുമാനം വേണമെങ്കിലും എടുത്തോട്ടെ. രാഹുലിനെതിരായ നടപടി വൈകി എന്ന വിമർശനം ഉയരുമ്പോൾ, സി.പി.എമ്മിനെതിരെ കടുത്ത വിമർശനവും വി.ഡി. സതീശൻ ഉന്നയിച്ചു.
"പീഡന കേസിലെ പ്രതി സി.പി.എം. എം.എൽ.എയായി ഇപ്പോഴും ഇരിക്കുകയാണ്. അതേക്കുറിച്ച് ചോദിക്കാൻ ആരെങ്കിലും തയ്യാറാകുമോ? അങ്ങനെയിരിക്കെയാണ് പരാതി ലഭിച്ചയുടനെ കോൺഗ്രസ് നേതാവിനെതിരെ തങ്ങൾ നടപടിയെടുത്തത്. ഇനി കോൺഗ്രസിനെ ഇക്കാര്യത്തിൽ ചോദ്യം ചെയ്യാൻ കഴിയില്ല," അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയടക്കം മറച്ചുപിടിക്കാനായിരുന്നു ഈ കേസ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ 'ലൈവായി' നിലനിർത്തുകയെന്ന ഉദ്ദേശം സി.പി.എമ്മിനും സർക്കാരിനും ഉണ്ടായിരുന്നത്. രാഹുലിനെതിരെ നടപടിയെടുക്കാൻ സർക്കാരിന് താത്പര്യമുണ്ടായിരുന്നെങ്കിൽ അറസ്റ്റ് നേരത്തെ ആകാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.