തിരുവനന്തപുരം: മലപ്പുറത്തെയും കാസർഗോട്ടെയും ജനപ്രതിനിധികൾക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. സജി ചെറിയാൻ അത്തരമൊരു പ്രസ്താവന നടത്താൻ സാധ്യത കുറവാണെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വിശദീകരണം വരട്ടെയെന്നും ശിവൻകുട്ടി പറഞ്ഞു.(It is unlikely that Saji Cherian will make such a statement, Minister V Sivankutty)
വർഗീയമായ ഒരു ചേരിതിരിവിനെയും സി.പി.ഐ.എം പിന്തുണയ്ക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. നാല് വോട്ടിന് വേണ്ടിയോ, ഒരു പഞ്ചായത്തോ കോർപറേഷനോ കിട്ടാൻ വേണ്ടിയോ നിലവിലുള്ള നയം മാറ്റാൻ പാർട്ടി തയ്യാറല്ല. ഇത് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കിയതാണ്.
വർഗീയതയ്‌ക്കെതിരായ ഉറച്ച നിലപാടാണ് ദേശീയ-സംസ്ഥാന തലങ്ങളിൽ പാർട്ടി സ്വീകരിക്കുന്നത്. ആർ.എസ്.എസിനെയോ മറ്റ് വർഗീയ ശക്തികളെയോ പിന്തുണയ്ക്കുന്ന സമീപനം പാർട്ടിക്കില്ല. എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യനീക്കങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സമുദായ സംഘടനകൾ കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാൻ ഐക്യപ്പെട്ട് മുന്നോട്ട് പോകുന്നത് തള്ളിക്കളയാനാകില്ല. സമുദായ സംഘടനകൾക്ക് നൽകേണ്ട ബഹുമാനം നൽകാതിരിക്കുന്നത് ശരിയല്ല. അവരെ വിമർശിക്കുമ്പോൾ അതിരു കടന്നു പോകരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുവശത്ത് ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിക്കുകയും മറുവശത്ത് ആർ.എസ്.എസിന്റെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നതിന്റെ തെളിവുകൾ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് സി.പി.ഐ.എമ്മിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.