കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ വൻ ട്വിസ്റ്റ്. കഴുത്തില്‍ ബെല്‍റ്റ് ധരിപ്പിച്ച് പട്ടിയെ പോലെ യുവാവിനെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് തൊഴില്‍പീഡനമെന്ന ആരോപണത്തോടെ പുറത്തു വന്നത്. എന്നാല്‍, നടന്നത് തൊഴിൽപീഡനമല്ലെന്ന് യുവാക്കൾ. സ്ഥാപനത്തെ കുടുക്കാനുള്ള ശ്രമമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം. ദൃശ്യത്തിൽ ഉൾപ്പെട്ട യുവാക്കളിൽനിന്ന് ജില്ലാ ലേബർ ഓഫിസർ മൊഴിയെടുത്തിരുന്നു. നടന്നതു തൊഴിൽപീഡനമല്ലെന്നാണ് തൊഴിൽവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തുന്നത്. വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തെ തൊഴിൽ പീഡനമായി ചിത്രീകരിച്ചെന്നാണു തൊഴിൽവകുപ്പ് കരുതുന്നത്. അതേസമയം മറിച്ചുള്ള തെളിവുകളും തൊഴിൽവകുപ്പ് പരിശോധിക്കുകയാണ്.
കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് എന്ന സ്ഥാപനത്തിനും ഇവരുടെ പെരുമ്ബാവൂരില്‍ പ്രവര്‍ത്തിക്കുന്ന ഡീലര്‍ഷിപ്പ് സ്ഥാപനമായ കെല്‍ട്രോകോപ്പിനുമെതിരെയാണ് ആരോപണമുയര്‍ന്നത്. ഇതോടെ തൊഴില്‍ വകുപ്പും പൊലീസും അന്വേഷണവും തുടങ്ങി. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സിന് സംഭവവുമായി ബന്ധമില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പിന്നീട് പെരുമ്പാവൂരില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം ആകെ തിരിഞ്ഞു മറിഞ്ഞത്.
ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്നായിരുന്നു ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പൊലീസിനോടും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞത്. കഞ്ചാവിന് അടിമയായ മനാഫ് എന്ന ജീവനക്കാരന്‍ മാസങ്ങള്‍ക്കു മുമുമ്പ് നിര്‍ബന്ധിച്ച് ചിത്രീകരിച്ചതാണ് വീഡിയോ എന്നും സ്ഥാപന ഉടമയെ മോശക്കാരനാക്കാൻ ഇപ്പോള്‍ തന്‍റെ അനുമതിയില്ലാതെയാണ് വീഡിയോ പ്രചരിപ്പിച്ചെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. ക്രൂരത കാട്ടിയ മനാഫിനെ നേരത്തെ തന്നെ സ്ഥാപന ഉടമ പുറത്താക്കിയിരുന്നെന്നും താന്‍ ഇപ്പോഴും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും യുവാവ് പറയുന്നു.
സ്ഥാപനത്തോടുള്ള വൈരാഗ്യം തീർക്കാൻ മനാഫ് മനഃപൂർവം വിഡിയോ ചിത്രീകരിച്ചുവെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ വെളിപ്പെടുത്തൽ. ‘‘ജനറൽ മാനേജരായ ഉബൈൽ ലീവിന് പോയ സമയത്താണ് വിഡിയോ എടുത്തത്. അന്ന് മാനേജരായിരുന്ന മനാഫ് എന്ന വ്യക്തിയാണ് ഇതിനുപിന്നിൽ. സ്ഥാപനത്തെ തകർക്കാൻ വേണ്ടി ചെയ്തതാണ്. മനാഫ് പറഞ്ഞപോലെയാണ് ഞാൻ ബെൽറ്റ് പിടിച്ചത്. വിഡിയോ ചിത്രീകരിച്ചതും പുറത്തുവിട്ടതും മനാഫ് ആണ്. വിഡിയോ എടുത്തത് ഉബൈലിന്റെ അടുത്ത് റിപ്പോർട്ട് ചെയ്തതോടെ മനാഫിനെ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. പിന്നാലെ ഉബൈലും മനാഫും തമ്മിൽ തർക്കമായി. വിഡിയോ ചിത്രീകരിച്ച പ്രവർത്തിയുടെ പേരിൽ മനാഫിനെ കമ്പനിയിൽനിന്നു പുറത്താക്കി. കമ്പനി പൂട്ടിക്കാൻ വേണ്ടിയാണ് വിഡിയോ പുറത്തുവിട്ടത്. ഒരിക്കലും തൊഴിൽ പീഡനത്തിന് ഞങ്ങൾ ഇരകളായിട്ടില്ല. മനാഫിന് ഉബൈലിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തിയതായി അറിയില്ല. മനാഫിനെതിരെ പരാതി നൽകും. മനാഫിനെ കൊണ്ട് ഇതു വ്യാജ വിഡിയോ ആണെന്ന് തെളിയിപ്പിക്കും.’’ – ദൃശ്യങ്ങളിലെ യുവാക്കൾ പറഞ്ഞു.
അതേസമയം, കൂടുതല്‍ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തശേഷം അടുത്ത ദിവസം വിശദമായ റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പ് മന്ത്രിക്ക് നല്‍കുമെന്ന് തൊഴില്‍ വകുപ്പ് ജില്ലാ ഓഫിസര്‍ അറിയിച്ചു.