തിരുവനന്തപുരം: കേന്ദ്രസർക്കാരുമായി സംസ്ഥാനം ഒപ്പുവെച്ച പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം (MoU) പ്രകാരം കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ കേരളത്തിന് സാധിക്കില്ല. ഇത് സി.പി.എം.-സി.പി.ഐ. ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് നിയമപരമായ വെല്ലുവിളിയുയർത്തുന്നതാണ്.(It is not easy for Kerala to unilaterally withdraw the PM SHRI agreement)
ധാരണാപത്രത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ ഇരു കക്ഷികളും തമ്മിലുള്ള പരസ്പര ധാരണ അനിവാര്യമാണ്. മാത്രമല്ല, കരാറിൽ നിന്ന് പിന്മാറുന്നതിന് 30 ദിവസത്തെ സമയപരിധി കൂടി വ്യവസ്ഥ ചെയ്യുന്നുണ്ട്.
സംസ്ഥാന സർക്കാർ ഏകപക്ഷീയമായി കത്തയച്ചതുകൊണ്ടോ നയപരമായ തീരുമാനങ്ങൾ എടുത്തതുകൊണ്ടോ ഈ കരാറിൽ നിന്ന് എളുപ്പത്തിൽ പിന്മാറാൻ സാധിക്കുകയില്ല.
സംസ്ഥാന സർക്കാരിന് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്, എസ്.എസ്.കെ. (സമഗ്ര ശിക്ഷാ കേരളം) ഫണ്ടും പി.എം. ശ്രീയും തമ്മിൽ കൂട്ടിയോജിപ്പിച്ചിരിക്കുന്നതാണ്.
എസ്.എസ്.കെ. ഫണ്ട് മാത്രമായി വിട്ടുകിട്ടണമെങ്കിൽ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും. ധാരണാപത്രത്തിൽ ഒപ്പിട്ടതോടെ, കേന്ദ്ര ഫണ്ടിന്റെ വിനിയോഗം കേന്ദ്ര വിദ്യാഭ്യാസ നയവുമായി ബന്ധിപ്പിക്കാൻ കേന്ദ്രത്തിന് നിയമപരമായ സാധുത ലഭിച്ചു. അതുകൊണ്ട് തന്നെ, ധാരണാപത്രം മരവിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം നിയമപരമായി എത്രത്തോളം ഫലം ചെയ്യുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.