തൃശ്ശൂർ: തമിഴ്‌നാട് പോലീസിന്റെ പിടിയിൽ നിന്ന് തൃശ്ശൂരിൽ വെച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടതായി സൂചന. പ്രതിക്കായി തെങ്കാശി, പൊള്ളാച്ചി ഉൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾക്കായി തൃശ്ശൂരിൽ നിന്നുള്ള പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിക്കും. കേരള പോലീസിനൊപ്പം തമിഴ്‌നാട് പോലീസ് സംഘവും തിരച്ചിലിന് എത്തുന്നുണ്ട്. തെങ്കാശി കേന്ദ്രീകരിച്ചും തമിഴ്‌നാട് പോലീസ് പരിശോധന നടത്തുന്നുണ്ട്.(It is indicated that the notorious criminal Balamurugan has left Kerala)
ബാലമുരുകൻ രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് തമിഴ്‌നാട് പോലീസിനൊപ്പം ആലത്തൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങുമ്പോൾ ബാലമുരുകന് കൈവിലങ്ങില്ലായിരുന്നു.
കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തമിഴ്‌നാട് പോലീസ് വളരെ അശ്രദ്ധമായാണ് പുറത്തിറക്കുന്നതെന്ന് ഈ ദൃശ്യങ്ങൾ തെളിയിക്കുന്നു.
തെങ്കാശി സ്വദേശിയാണ് ബാലമുരുകൻ. കൊലപാതകം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ഇയാൾ. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച വിയൂർ ജയിലിൽ നിന്ന് തമിഴ്‌നാട് പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. എസ്.ഐ. നാഗരാജനും രണ്ട് പോലീസുകാരും ചേർന്ന് ഇയാളെ തിരികെ എത്തിക്കുമ്പോഴാണ് പ്രതി ചാടിപ്പോയത്.
മറയൂരിലെ മോഷണക്കേസിലും ബാലമുരുകൻ പ്രതിയാണ്. നിലവിൽ ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സംഘങ്ങൾ അതിർത്തി മേഖലകളിലും തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.