"ഏറു നന്നായിട്ട് കാര്യമില്ല, കൊള്ളേണ്ടിടത്ത് തന്നെ കൊള്ളണം, പഠിക്കേണ്ടിടത്ത് തന്നെ പഠിക്കണം"; ഡിവൈഎസ് പിയുടെ 'ഏറ്' പരസ്യചിത്രമാക്കി സ്കൂൾ | DYSP

ഡിവൈഎസ് പി ​​സമരക്കാർക്ക് നേരെ ഗ്രനേഡ് എറിയുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു
School Ad
Published on

കണ്ണൂർ: വഖഫ് നിയമത്തിനെതിരായ യുവജന സംഘടനകളുടെ കരിപ്പൂർ എയർപോട്ട് ഉപരോധത്തിനിടയിലേക്ക് കൊ​ണ്ടോട്ടി ഡിവൈഎസ്പി ടിയർ ഗ്യാസ് വലിച്ചെറിയുന്നത് പരസ്യചിത്രമാക്കി സ്കൂൾ. കണ്ണൂരിലെ കരിയാട് നമ്പ്യാർസ് യുപി സ്കൂൾ ആണ് പരസ്യം പുറത്തിറക്കിയത്. 'ഏറു നന്നായിട്ട് കാര്യമില്ല. കൊള്ളേണ്ടിടത്ത് തന്നെ കൊള്ളണം, പഠിക്കേണ്ടിടത്ത് തന്നെ പഠിക്കണം' എന്നാണ് പരസ്യത്തിലെ വാചകം. ഒപ്പം സ്കൂളിലെ എൽകെജി മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട് എന്നും കൊടുത്തിട്ടുണ്ട്.

ഡിവൈഎസ്പി ​​സമരക്കാർക്ക് നേരെ ഗ്രനേഡ് എറിയുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. സ്കൂൾ അഡ്മിഷൻ പ്രചാരണത്തിന് വേണ്ടി ചിത്രം ഉപയോഗിച്ചത് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയായിട്ടുണ്ട്.

വഖഫ് നിയമത്തിനെതിരെയുള്ള സോളിഡാരിറ്റി - എസ്ഐഒ പ്രവർത്തകരുടെ കരിപ്പൂർ എയർപോട്ട് ഉപരോധത്തിനിടയിലാണ് കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ് പികെ സമരക്കാർക്ക് നേരെ ഒൻപത് തവണ ഗ്രനേഡ് എറിഞ്ഞത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ ഡിവൈഎസ്പിക്കെതിരെ രൂക്ഷ വിമർശനവും ഉയർന്നു.

അശ്രദ്ധമായി കൈകാര്യം ചെയ്താൽ ഗുരുതര പരിക്കുകൾക്ക് കാരണമായേക്കാവുന്ന, ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാവുന്ന ഒന്നാണ് ഗ്രനേഡുകൾ. ഇതാണ് ഡിവൈഎസ്പി ജനക്കൂട്ടത്തിനിടയിലേക്ക് വലിച്ചെറിഞ്ഞത്. ജനങ്ങൾക്കിടയിലേക്ക് നേരിട്ട് എറിയരുതെന്ന മുന്നറിയിപ്പ് ഗ്രനേഡിൽ തന്നെ എഴുതിയിട്ടുണ്ട്. സമരത്തിലെ സംഘർഷത്തിന് പിന്നാലെ നിരവധി സമരക്കാർ ആശുപത്രിയിലായിരുന്നു. പലർക്കും ശ്വാസതടസവും ശാരീരിക അസ്വസ്ഥകളും ഉണ്ടായിരുന്നു. റോഡിന്റെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും, ജലപീരങ്കിയും , ലാത്തിച്ചാർജ്ജും പ്രയോഗിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com