തിരുവനന്തപുരം: കന്യാകുമാരി കടലിനും തെക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി നിലനിൽക്കുന്ന കാലാവസ്ഥാ രൂപീകരണങ്ങളുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരം തോതിലോ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.(Isolated heavy rains in Kerala, Yellow alert in 7 districts including the capital today )
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 26ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലർട്ട് നിലനിൽക്കുന്നത്.
കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി നാളെയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. നിലവിൽ മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിലുള്ള ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ (നവംബർ 25-ഓടെ) തെക്കൻ ആൻഡമാൻ കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടാനും തുടർന്നുള്ള 48 മണിക്കൂറിനിടെ തെക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് (24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ) മഞ്ഞ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.