പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാർഥി പട്ടികയെ ചൊല്ലി പാലക്കാട് നഗരസഭയിൽ പൊട്ടിത്തെറി. സ്ഥാനാർഥി പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായാണെന്ന് മുൻ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ കുറ്റപ്പെടുത്തി. ബി.ജെ.പി.യിലെ ഒരു വിഭാഗം (കൃഷ്ണകുമാർ പക്ഷം) സംഘടനയെ പിടിക്കാൻ വേണ്ടി ഏകപക്ഷീയമായി പട്ടിക തയ്യാറാക്കുകയായിരുന്നു.(Isolated and crucified, says Prameela Sasidharan, explosion in Palakkad BJP)
തന്നെ ക്രൂശിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ചെയർപേഴ്‌സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. സ്വന്തം വാർഡിലെ സ്ഥാനാർഥിയെക്കുറിച്ച് താൻ അറിഞ്ഞത് ഇന്നലെ വൈകിട്ട് 3 മണിക്ക് മാത്രമാണ്. സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷനിൽ തന്നെ ക്ഷണിച്ചില്ല.
നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ടെന്നും, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടത് ഈ നിലപാട് കൊണ്ടാണെന്നും പ്രമീള ശശിധരൻ കൂട്ടിച്ചേർത്തു. നഗരസഭയുടെ മുൻ അധ്യക്ഷ തന്നെ രംഗത്തുവന്നത് പാലക്കാട്ടെ ബി.ജെ.പി. നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.