അതിജീവന തോണിയിൽ ദൃഢനിശ്ചയ തുഴയെറിഞ്ഞ വഞ്ചിപ്പാട്ടുകാർക്ക് ഇസാഫിന്റെ ആദരം

അതിജീവന തോണിയിൽ ദൃഢനിശ്ചയ തുഴയെറിഞ്ഞ വഞ്ചിപ്പാട്ടുകാർക്ക് ഇസാഫിന്റെ ആദരം
Updated on

മണ്ണുത്തി: ഉരുൾപൊട്ടൽ ദുരന്തം തീർത്ത പ്രതിസന്ധികൾ ഒന്നൊന്നായി മറികടന്ന്, കലോത്സവ വേദിയിൽ ഗംഭീര പ്രകടനം നടത്തിയ വയനാട് ജില്ലയിലെ വെള്ളാർമല ഗവ. ജിവിഎച്ച്എസ്എസിലെ കൊച്ചുമിടുക്കികളെ ചേർത്തുപിടിച്ച് ഇസാഫ് ഫൗണ്ടേഷൻ. വഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് ലഭിച്ച വെള്ളാർമല സ്കൂളിലെ കുട്ടികളെയും അധ്യാപകരെയുമാണ് ഇസാഫ് ഫൗണ്ടേഷൻ ആദരിച്ചത്. ഇസാഫ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസും ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോളും ചേർന്ന് കുട്ടികളെ ആദരിച്ചു. മനുഷ്യർക്ക് മുഴുവൻ മാതൃകയാക്കാവുന്ന അതിജീവനഗാഥയാണ് കുട്ടികളെന്നും വെള്ളാർമല സ്കൂളിന്റെ പ്രതിഭകളെ ആദരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഡോ. കെ പോൾ തോമസ് പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ താമസ, യാത്ര സൗകര്യങ്ങൾ ഏർപ്പാടാക്കിയത് ഇസാഫ് ഫൗണ്ടേഷന്റെയും മാർത്തോമാ യുവജനസഖ്യം കുന്നംകുളം മലബാർ ഭദ്രാസനത്തിന്റെയും നേതൃത്വത്തിലായിരുന്നു. വെള്ളാർമല സ്കൂളിൽ പുതുതായി ആരംഭിക്കുന്ന ഇസാഫ് ബാലജ്യോതി ക്ലബ്ബിന്റെ ഉദ്‌ഘാടനവും ഡോ. കെ പോൾ തോമസ് നിർവഹിച്ചു. ഇസാഫ് കോ ഓപ്പറേറ്റീവ് സിഇഒ ജോർജ് തോമസ്, ഇസാഫ് ബാങ്ക് എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ബോസ്കോ ജോസഫ്, സെഡാർ റീട്ടയിൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ, ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്‌സ് സിഎഫ്ഒ രാജേഷ് ശ്രീധരൻ പിള്ള, സസ്‌റ്റൈനബിൾ ബാങ്കിങ് ഹെഡ് സന്ധ്യ സുരേഷ്, ഇസാഫ് ഫൗണ്ടേഷൻ അസോസിയേറ്റ് ഡയറക്ടർ ജോൺ പി ഇഞ്ചക്കലോടി എന്നിവർ പങ്കെടുത്തു.

വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിനു ശേഷം തുടർച്ചയായ രണ്ടാം കലോത്സവത്തിനാണ് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്. ഉണ്ണിമാഷെന്ന് സ്നേഹപൂർവ്വം വിളിക്കുന്ന അധ്യാപകൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ പരിശീലിപ്പിച്ചത്. അതിജീവനത്തിന്റെ ഉദാത്ത മാതൃക സ്വജീവിതത്തിനാൽ എഴുതിച്ചേർത്ത ഇവർ മാലോകരോട് പറയാതെ പറയുന്നു, 'പ്രതിസന്ധികളെ കരുത്താക്കുക. പരിമിതികളെ പ്രകടനത്തിലൂടെ മറികടക്കുക'.

Related Stories

No stories found.
Times Kerala
timeskerala.com