

കൊച്ചി: കോൺഗ്രസ് പാർട്ടിക്ക് ഒരേസമയം വെൽഫെയർ പാർട്ടിയുമായും ബി.ജെ.പി.യുമായും ബന്ധമുണ്ടെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ഒരു കൈ മുസ്ലീം മതതീവ്രവാദത്തിന്റേയും മറുകൈ ഹിന്ദു മതതീവ്രവാദത്തിന്റേയും തോളിലാണ് വെച്ചിരിക്കുന്നതെന്നും, ഗാന്ധിയുടെ പാർട്ടിയ്ക്ക് ഇത് ശരിയായ നിലപാടാണോ എന്നും അദ്ദേഹം ചോദ്യം ചെയ്തു.(Is this right for Gandhi's party, Binoy Viswam against Congress)
ബി.ജെ.പി. അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന ശശി തരൂരിനെതിരെയും ബിനോയ് വിശ്വം രൂക്ഷമായ വിമർശനം ഉന്നയിച്ചു. "തരൂർ എല്ലാ ആഴ്ചയും ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നു. മോദി സ്തുതിയാണ് നടത്തുന്നത്. എന്തുകൊണ്ടാണ് തരൂരിനെ പുറത്താക്കാൻ കോൺഗ്രസിന് ധൈര്യമില്ലാത്തത്?" അദ്ദേഹം ചോദിച്ചു.
ബി.ജെ.പി.യുമായി ബന്ധം പുലർത്തുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളെ പുറത്താക്കാനുള്ള ധൈര്യം എന്തുകൊണ്ട് കോൺഗ്രസ് കാണിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ഒന്നിലധികം കോൺഗ്രസ് നേതാക്കൾക്ക് ബി.ജെ.പി.യുമായി ബന്ധമുണ്ടെന്നും, കോൺഗ്രസും ബി.ജെ.പി.യും തമ്മിലുള്ള ഈ 'രാഷ്ട്രീയ ഉൽപ്രേക്ഷയെ' ജനം തിരിച്ചറിയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ലേബർ കോഡ് വിഷയത്തിൽ തൊഴിലാളികൾക്കൊപ്പമാണ് എൽ.ഡി.എഫ്. സർക്കാർ എന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലെടുക്കുന്നവർക്ക് ഒപ്പമാണ് എൽ.ഡി.എഫ്. എന്നതിന്റെ അർത്ഥം മനസിലാക്കാത്ത ഉദ്യോഗസ്ഥരാണ് ചട്ടം തയ്യാറാക്കിയത്. അത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തും. അതിന് കെൽപ്പുള്ള മന്ത്രിയാണ് വകുപ്പിനുള്ളത്.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരെയും രക്ഷിക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിശ്വാസികളോട് ബഹുമാനവും സ്നേഹവും ഉണ്ട്. വിശ്വാസികൾക്ക് ഒപ്പമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. കമ്മ്യൂണിസ്റ്റുകൾക്ക് വിശ്വാസികൾ മിത്രങ്ങളാണ്. കുറ്റക്കാർ ആരായാലും ശിക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.