
കൊച്ചി: 'ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള' സിനിമ കാണാൻ ഹൈകോടതി. സെൻസർ ബോർഡ് വെട്ടിയ 'ജാനകി'ക്ക് എന്തെങ്കിലും പ്രശ്നമുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി സിനിമ കാണാമെന്ന് ഹൈകോടതി അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് ജഡ്ജിക്ക് മുന്നിൽ സിനിമ പ്രദർശിപ്പിക്കും. സിനിമ കണ്ട ശേഷം ഹർജിയിൽ തീരുമാനമെടുക്കും.
പാലാരിവട്ടത്തെ ലാൽ മീഡിയയിലാണ് സിനിമ പ്രദർശിപ്പിക്കുക. സിനിമ കണ്ടതിന് ശേഷം ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും. സുരേഷ് ഗോപി നായകനായ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കളായ ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ നൽകിയ ഹർജിയിലാണ് തീരുമാനം.
മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണ് സിനിമ സർട്ടിഫിക്കേഷൻ മാർഗനിർദേശങ്ങളിലുള്ളത്. എന്നാൽ ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ല. രാജ്യത്തെ 80 ശതമാനം ആളുകൾക്കും മതവുമായി ബന്ധപ്പെട്ട പേരാണുള്ളതെന്നും ഹൈകോടതി ചൂണ്ടികാട്ടി. സിനിമ ചില മതവിഭാഗങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നും ഹൈകോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹൈന്ദവ ദൈവത്തിന്റെ പേരാണ് ജാനകി എന്നും സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദേശം. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ചത്. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക രംഗത്തു വന്നിരുന്നു.