കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ കടുത്ത തർക്കവും ഗ്രൂപ്പ് പോരും മുറുകുന്നു. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് മേയറാകുന്നത് തടയാൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ശക്തമായ നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.(Is there a dispute in Congress for the post of Kochi Mayor?)
പാർലമെന്ററി പാർട്ടി യോഗത്തിലെ ഭൂരിപക്ഷം നോക്കി മേയറെ തീരുമാനിക്കണമെന്ന ആവശ്യം കെപിസിസിക്ക് മുന്നിൽ ഉന്നയിക്കാനാണ് ദീപ്തിയുടെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നവരുടെ ശ്രമം. ദീപ്തി മേരി വർഗീസ്, ഷൈനി മാത്യു, വി.കെ. മിനിമോൾ എന്നീ മൂന്നു പേരിലൊരാളാകും കൊച്ചിയുടെ പുതിയ മേയറെന്ന് കോൺഗ്രസ് നേതാക്കൾ സമ്മതിക്കുന്നുണ്ട്. എന്നാൽ, ഈ മൂന്നുപേരിൽ ആർക്കാണ് നറുക്കുവീഴുക എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
നിലവിൽ, കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ ദീപ്തി മേരി വർഗീസിന് തന്നെയാണ് ആദ്യ പരിഗണന നൽകേണ്ടതെന്ന വാദം ശക്തമാണ്. കെഎസ്‌യു കാലം മുതൽ സംഘടനയിൽ സജീവമായ ദീപ്തിക്ക് മേയർ സ്ഥാനം നൽകുന്നത് സ്വാഭാവിക നീതിയാണെന്ന് വാദിക്കുന്ന ഒരു വിഭാഗം പാർട്ടിയിൽ സജീവമാണ്. കൊച്ചി കോർപ്പറേഷന്റെ ഭരണം നിലനിർത്തുന്നതിൽ ഈ തീരുമാനം നിർണായകമാകും.