മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടിയുടെ സഹോദരി പുത്രനായ അബു താഹിറിനെ നിശ്ചയിച്ചതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ മുതൽ വേങ്ങരയുടെ വിവിധ ഭാഗങ്ങളിൽ നേതൃത്വത്തെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Is the Block Panchayat President's post PK Kunhalikutty's ancestral property? Poster Protest in Malappuram)
'ഗ്രീൻ ആർമി' എന്ന പേരിലാണ് മേഖലയിൽ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. "വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ, സഹോദരി പുത്രന് തീറെഴുതി കൊടുക്കാൻ?" എന്നാണ് പോസ്റ്ററുകളിലെ പ്രധാന ചോദ്യം. പാർട്ടിയിൽ കുടുംബവാഴ്ച അടിച്ചേൽപ്പിക്കാനാണ് നീക്കമെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെയുണ്ടായ ഈ നീക്കം ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. അർഹരായ മറ്റ് നേതാക്കളെ മറികടന്ന് കുടുംബാംഗത്തിന് സ്ഥാനം നൽകുന്നതിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയരുന്നുണ്ട്.