

കാസർകോട്: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയേക്കുമെന്ന സൂചനയെത്തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി. ഡിവൈ.എസ്.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
അതേസമയം , കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നതിനായി ബി.ജെ.പി. പ്രവർത്തകർ അടക്കം എത്തിച്ചേർന്നിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ എത്തുകയാണെങ്കിൽ ശക്തമായ രീതിയിലുള്ള പ്രതിഷേധ പ്രകടനം നടത്തുമെന്നാണ് ബി.ജെ.പി. പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി കോടതിയിലേക്കുള്ള ഗേറ്റ് പോലീസ് അടച്ചിട്ടിരിക്കുകയാണ്.കോടതിക്ക് പുറത്ത് പോലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിവരമറിഞ്ഞ് പൊതുജനങ്ങളും ഇവിടേക്ക് എത്തിയിട്ടുണ്ട്. ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിനെതിരെ മറ്റ് കേസുകളും നിലവിലുണ്ട്. ഏത് കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ഇവിടെ ഹാജരാക്കുക എന്നതിൽ വ്യക്തതയില്ലെങ്കിലും, കോടതി പരിസരം കനത്ത ജാഗ്രതയിലാണ്.