തിരുവനന്തപുരം : ഐക്യകേരള രൂപീകരണത്തിൻ്റെ 69-ാം വാർഷിക ദിനത്തിൽ കേരളത്തെ 'അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി' മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 9 മണിക്ക് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയത്. ഈ നേട്ടം കേരള ജനതയ്ക്കാകെ അവകാശപ്പെട്ടതാണെന്നും, നവകേരള സൃഷ്ടിക്കായുള്ള പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.(Is Kerala free from extreme poverty? Chief Minister's historic announcement )
"കേരളം ഇന്ന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറിയിരിക്കുന്നു. പുതിയ ഒരു മാതൃക കൂടി രാഷ്ട്രത്തിനു മുമ്പാകെ നാം സമർപ്പിക്കുകയാണ്," മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2021-ൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജനം. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിൻ്റെ തുടക്കമായിരുന്നു ഈ തീരുമാനം.
രണ്ട് മാസത്തിനുള്ളിൽ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, കുടുംബശ്രീ, ഉദ്യോഗസ്ഥർ എന്നിവരിലൂടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
സംസ്ഥാനത്തെ 1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. അതിദരിദ്രരെ നിർണ്ണയിക്കുന്നതിനുള്ള ക്ലേശഘടകങ്ങളായി കണക്കാക്കിയത് ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയാണ്. ഓരോ കുടുംബത്തിനും ഹ്രസ്വകാല-ഇടക്കാല-ദീർഘകാല പരിപാടികളായി തരംതിരിച്ചുകൊണ്ട് മൈക്രോ പ്ലാനുകൾ തയ്യാറാക്കി.
2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ 50 കോടി രൂപ വീതവും 2025-26-ൽ 60 കോടി രൂപയും ഈ പദ്ധതിക്കായി പ്രത്യേകം അനുവദിച്ചു. ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നത് അഞ്ചു ദശാബ്ദങ്ങൾക്കു മുമ്പ് കേരളത്തിലായിരുന്നു എന്ന ചരിത്ര പശ്ചാത്തലം മുഖ്യമന്ത്രി വിശദീകരിച്ചു.
1961-62 ലെ കണക്കനുസരിച്ച് കേരളത്തിൽ ഗ്രാമീണ മേഖലയിൽ 90.75 ശതമാനവും നഗര മേഖലയിൽ 88.89 ശതമാനവും ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. നിതി ആയോഗിൻ്റെ വിദഗ്ദ്ധരുടെ അനുമാനത്തിൽ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കേരളത്തിലെ ജനസംഖ്യ 2022-23-ൽ 0.48 ശതമാനം മാത്രമാണ്.
സാർവ്വത്രിക റേഷനിംഗ് സമ്പ്രദായം, കുടിയൊഴിപ്പിക്കൽ നിരോധനം, ഭൂപരിഷ്കരണം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പൊതു ഇടപെടൽ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതിദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങൾക്ക് വേണ്ടി നടത്തിയ സുപ്രധാന ഇടപെടലുകൾ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. 20,648 അതിദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളും തടസ്സമില്ലാത്ത ആഹാരലഭ്യതയും ഉറപ്പാക്കി. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ ഉപയോഗിച്ചു.
അടിസ്ഥാന രേഖകൾ പോലുമില്ലാത്തവർക്കായി 'അവകാശം അതിവേഗം' യജ്ഞം നടത്തി 21,263 പേർക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ലഭ്യമാക്കി. 4,677 കുടുംബങ്ങൾക്കാണ് വീട് ആവശ്യമായി വന്നത്. ലൈഫ് മിഷൻ മുഖേന വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. 2,713 കുടുംബങ്ങൾക്ക് ആദ്യം ഭൂമിയും പിന്നീട് ഭവനനിർമ്മാണ സഹായവും നൽകി. ഭവനപുനരുദ്ധാരണത്തിനായി ചട്ടത്തിൽ ഇളവ് വരുത്തി 2 ലക്ഷം രൂപ വരെ നൽകി.
ഭൂമി കണ്ടെത്താനായി 28 ഏക്കർ ഭൂമി സ്പെഷ്യൽ ഡ്രൈവിലൂടെയും 2.03 ഏക്കർ 'മനസ്സോടിത്തിരി മണ്ണ്' യജ്ഞത്തിലൂടെയും ലഭ്യമാക്കി. 4,394 കുടുംബങ്ങൾക്ക് സ്വയം വരുമാനം നേടാനുള്ള സഹായം നൽകി. കുടുംബശ്രീയുടെ 'ഉജ്ജീവനം' പദ്ധതിയിലൂടെ പരിശീലനവും ധനസഹായവും ഉറപ്പാക്കി. മുഖ്യമന്ത്രിതലത്തിൽ നടത്തിയ കൃത്യമായ മേൽനോട്ടമാണ് ലക്ഷ്യം കൈവരിക്കുന്നത് ദ്രുതഗതിയിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിദാരിദ്ര്യ മുക്ത പദവി സുസ്ഥിരമായി നിലനിർത്തുന്നതിനുള്ള ജാഗ്രത്തായ പ്രവർത്തനങ്ങളാണ് ഇനി നടക്കേണ്ടതെന്നും ആരും തിരികെ അതിദാരിദ്ര്യത്തിലേക്ക് വീണുപോകില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി കാലാകാലങ്ങളിൽ കൃത്യമായ പരിശോധന നടത്തും. ഈ നേട്ടത്തിലൂടെ ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്ന സുസ്ഥിരവികസന സൂചികയിൽ കേരളം ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരിക്കുകയാണ്.