കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.പെണ്ണിന്‍റെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വിലയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഇതെന്ത് രാജ്യമാണെന്ന് തോന്നിപോകുന്നു. കുറ്റവാളികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ച കോടതി അതിജീവിതയുടെ ജീവിതമോ പ്രായമോ പരിഗണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കുട്ടികളോട് കുറുമ്പ് കാണിക്കരുതെന്ന് പറഞ്ഞ് ശാസിക്കുന്നത് പോലെയാണ് വിധി കേട്ടിട്ട് തോന്നുന്നത്. ആറ് മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ എല്ലാം വീട്ടില്‍ ഇരുന്നോള്ളൂ, കുറ്റക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയെ ലഭിക്കൂ എന്ന തെറ്റായ സന്ദേശമാണ് വിധി നല്‍കുന്നത്. അയാളുടെ പ്രായവും ജീവിതവും അമ്മയേക്കുറിച്ചുമൊക്കെ പരിഗണിക്കുന്നു. അതിജീവിതയ്ക്ക് അമ്മയുമില്ല, ജീവിതവുമില്ല, പ്രായവുമില്ല. അനീതിയാണിത്. സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ് വിധിവരുന്നത്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.