തിരുവനന്തപുരം: നൂറു കോടിയോളം രൂപയുടെ ക്രമക്കേട് ആരോപണമുള്ള നേമം സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എം. ഭരണസമിതിക്കെതിരെ ഉയർന്ന ക്രമക്കേടുകൾ അന്വേഷണ ഏജൻസി ഏറ്റെടുത്തത് രാഷ്ട്രീയമായി വലിയ വെല്ലുവിളിയായിരിക്കുകയാണ്.(Irregularities worth around Rs 100 crore, ED raids Nemom Cooperative Bank)
നേമം സഹകരണ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് നിക്ഷേപക കൂട്ടായ്മ നാളുകളായി വ്യാപക പ്രതിഷേധം നടത്തിവരികയായിരുന്നു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സി.പി.എം. ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ. പ്രദീപ് കുമാർ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.
സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ പ്രകാരം ലോൺ നൽകിയ വകയിൽ 34.26 കോടി രൂപ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും, ബാങ്കിൽ 15.55 കോടി രൂപയ്ക്ക് മാത്രമേ ഈടായി രേഖയുള്ളൂ. പ്രതിമാസ നിക്ഷേപ പദ്ധതിയിൽ ആകെ കിട്ടാനുള്ള 10.73 കോടി രൂപയിൽ 4.83 കോടി രൂപയ്ക്ക് മാത്രമേ രേഖകളുള്ളൂ.
മുൻ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയതായി സമിതി കണ്ടെത്തിയിട്ടുണ്ട്. എസ്. ബാലചന്ദ്രൻ നായർ: 20.76 കോടി രൂപയുടെ ക്രമക്കേട്, എ.ആർ. രാജേന്ദ്ര കുമാർ: 31.63 കോടി രൂപയുടെ ക്രമക്കേട്, എസ്.എസ്. സന്ധ്യ: 10.41 കോടി രൂപയുടെ ക്രമക്കേട് എന്നിങ്ങനെയാണ് വിവരം.
കൂടാതെ, കഴിഞ്ഞ പത്ത് വർഷത്തെ ഭരണസമിതി അംഗങ്ങൾ പലരും ഏകദേശം 3 കോടി രൂപയോളം ബാങ്കിന് നഷ്ടമുണ്ടാക്കിയ കണക്കുകളും പുറത്തുവന്നിരുന്നു. നിക്ഷേപം അമിതമായി ലഭിക്കുന്നതിനായി സ്ഥിരനിക്ഷേപത്തിന് അധിക പലിശ നൽകിയതും വേണ്ടപ്പെട്ടവർക്ക് രേഖകളില്ലാതെ വായ്പ അനുവദിച്ചതുമാണ് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ഇ.ഡി. റെയ്ഡ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാവുകയാണ്.