

കൊച്ചി: കോഴിക്കോട് സ്വദേശി മുഹമ്മദ് റമീഷും കണ്ണൂര്‍ സ്വദേശി രാഗേഷ് പുതുശ്ശേരിയും പ്രൊമോട്ടു ചെയ്യുന്ന ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പായ കേബ്ള്‍സ്മിത്തില്‍ കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ ഭാഗമായ നാഷനല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ഡിസിപ്ലിനറി സൈബര്‍-ഫിസിക്കല്‍ സിസ്റ്റംസിനു (എന്‍എം-ഐസിപിഎസ്) കീഴിലുള്ള ഐഐഐടിബി കോമെറ്റ് ഫൗണ്ടേഷന്‍ 50 ലക്ഷം രൂപ നിക്ഷേപിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പാച്ചിംഗ്, ടെസ്റ്റിംഗ്, മോണിട്ടറിംഗ് എന്നീ ഫൈബര്‍ നെറ്റ് വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റു ചെയ്യുന്ന സ്മാര്‍ട് ഒപ്റ്റിക്കല്‍ കേബ്ള്‍ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ വികസന രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. എഐ, ഫോട്ടോണിക്‌സ്, പ്രെസിഷന്‍ മെക്കാനിക്കല്‍ സിസ്റ്റങ്ങള്‍ എന്നിവയെ സംയോജിപ്പിക്കുകയെന്ന സങ്കീര്‍ണ പ്രവര്‍ത്തനമാണ് ഈ പ്ലാറ്റ്‌ഫോം നിര്‍വഹിക്കുന്നതെന്ന് മുഹമ്മദ് റമീഷ് പറഞ്ഞു. ടെലികോം, ബ്രോഡ്ബാന്‍ഡ് ഓപ്പറേറ്റര്‍മാരുടെ നെറ്റ് വര്‍ക്ക് അപ്‌ടൈമും പ്രവര്‍ത്തനമികവും മെച്ചപ്പെടുത്തുന്നതിലാണ് ഇവയുടെ ഉപയോഗം.
ഇവയ്ക്കു പുറമെ ഒപ്റ്റിക്കല്‍ ക്രോസ് കണക്ഷനില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഒരു പേറ്റൈന്റും കമ്പനിക്കുണ്ടെന്ന് രാഗേഷ് പുതുശ്ശേരി പറഞ്ഞു. മള്‍ട്ടി ഓപ്പറേറ്റര്‍ ഫൈബര്‍ പങ്കിടല്‍ സാധ്യമാക്കിക്കൊണ്ട് ഫൈബര്‍ അടിസ്ഥാനസൗകര്യ വികസനരംഗത്ത് മൂലധന നിക്ഷേപവും പ്രവര്‍ത്തന നിക്ഷേപവും ഗണ്യമായി കുറയ്ക്കുന്ന നിര്‍ണായക സാങ്കേതികവിദ്യയാണിത്.
കമ്പനിയില്‍ ഇപ്പോള്‍ 50 ലക്ഷം രൂപ നിക്ഷേപിച്ച ഐഐഐടി ബി കോമെറ്റ് ഫൗണ്ടേഷന്‍ അതിനൂതന കമ്യൂണിക്കേഷന്‍ സിസ്റ്റങ്ങളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെക്‌നോളജി ഇന്നവേഷന്‍ ഹബ്ബാണ്. (https://comet.iiitb.ac.in/).
കര്‍ണാടക സംസ്ഥാന ഇലക്ട്രോണിക്‌സ്, ഐടി വകുപ്പിന്റെ എലിവേറ്റ് 2023 അവാര്‍ഡ് ജേതാവും കേന്ദ്ര ടെലികോം മന്ത്രാലയും സംഘടിപ്പിച്ച 5ജി, 6ജി ഹാക്കത്തോണിലെ ദേശീയ ജേതാക്കളിലൊരാളുമാണ് കേബ്ള്‍സ്മിത്ത്.
ബ്രിഗേഡ് റീപ്, സെമികണ്ടക്ടര്‍ ഫാബ്ലെസ് അക്‌സിലറേറ്റര്‍ ലാബ്, ഐഐടി മദ്രാസ് റിസര്‍ച്ച് പാര്‍ക്കിന്റെ ഭാഗമായ എഎംടിഡിസി, ബംഗളൂരുവിലെ സെന്‍ട്രല്‍ മാനുഫാക്ചറിംഗ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ പിന്തുണയും കമ്പനിക്കുണ്ട്.
സാങ്കേതികവിദ്യകളുടെ വികസനത്തിനും വാണിജ്യതലത്തിലുള്ള വിപണനം വിപുലമാക്കുന്നതിനുമാകും പുതിയ നിക്ഷേപം ഉപയോഗപ്പെടുത്തുകയെന്ന് മുഹമ്മദ് റമീഷ് പറഞ്ഞു.
ഫോട്ടോ - ഐഐഐടി ബി കോമെറ്റ് ഫൗണ്ടേഷന്‍ സിഇഒ ശ്രീധര്‍ പില്ലാലമാരി, പ്രൊഫസര്‍ അജയ് ബക്രെ എന്നിവരില്‍ നിന്ന് കേബ്ള്‍സ്മിത്ത് സിടിഒ രാഗേഷ് പുതുശ്ശേരിയും സിഇഒ മുഹമ്മദ് റമീഷും നിക്ഷേപരേഖകള്‍ സ്വീകരിക്കുന്നു.