കണ്ണൂർ : ഗോവിന്ദച്ചാമിക്ക് പോലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് ജയിലഴികൾ മുറിക്കുക എളുപ്പമല്ല എന്ന് പറഞ്ഞ് റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. അദ്ദേഹം മുൻ പോലീസ് മേധാവി ജേക്കബ് പുന്നൂസിനോടൊപ്പം കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.(Investigation on Govindachamy's Jailbreak)
ആയുധത്തിൻ്റെ കാര്യത്തിൽ അവ്യക്തത ഉണ്ടെന്നും, 4 കമ്പികളുടെ രണ്ടറ്റവും മുറിച്ചിട്ടുണ്ടെന്നും, കണ്ടിട്ട് വലിയ വൈദഗ്ധ്യത്തോടെ മുറിച്ചത് പോലുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്ത് കൊണ്ടാണ് ഇത്രയും ദിവസമെടുത്ത് കമ്പി മുറിച്ചത് ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാത്തത് എന്നു ചോദിച്ച അദ്ദേഹം, ജയിൽ അധികൃതർക്ക് വലിയ വീഴ്ച ഉണ്ടായെന്നും ചൂണ്ടിക്കാട്ടി. ജയിലിൽ മൊത്തത്തിൽ പരിഷ്‌ക്കാരം വേണമെന്നും റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു.
പ്രതി ജയിൽ ചാടിയ രീതി അന്വേഷണ സമിതി വിശദമായി പരിശോധിക്കുകയും സുരക്ഷാ വീഴ്ചയുണ്ടെന്ന് വിലയിരുത്തുകയും ചെയ്തു. അന്വേഷണ സമിതിയുടെ നേതൃത്വത്തിൽ ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. 2 ദിവസമാണ് ജയിലിൽ പരിശോധന നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശപ്രകാരമാണ് പ്രത്യേക രണ്ടംഗ സംഘത്തെ നിയോഗിച്ചത്. കേരളത്തിലെ മറ്റു ജയിലുകളുടെ സാഹചര്യങ്ങൾ കൂടി പഠിച്ചതിന് ശേഷം സംഘം റിപ്പോർട്ട് സമർപ്പിക്കും.