തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ചോദ്യം ചെയ്യാൻ എസ്.ഐ.ടി വിളിപ്പിച്ചു എന്ന വാർത്തയ്ക്ക് പിന്നിൽ പി. ശശിയാണെന്ന ആരോപണം തെറ്റാണെന്ന് ഓഫീസ് അറിയിച്ചു.(Investigation is being carried out under the supervision of the High Court, Chief Minister's Office rejects Adoor Prakash's allegations)
ശബരിമല കേസിന്റെ അന്വേഷണം നടക്കുന്നത് ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്. അതുകൊണ്ട് തന്നെ അന്വേഷണത്തിലോ ആരെ ചോദ്യം ചെയ്യണം എന്നതിലോ സർക്കാരിനോ മുഖ്യമന്ത്രിയുടെ ഓഫീസിനോ ഇടപെടാൻ കഴിയില്ല. അന്വേഷണ സംഘത്തിന്റെ നടപടികളിൽ രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടാകുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വിശദീകരണത്തിൽ പറയുന്നു.
നേരത്തെ, തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. എസ്.ഐ.ടി വിളിപ്പിച്ചാൽ ഹാജരാകാൻ തയ്യാറാണ്. തനിക്ക് ഇതിൽ ഒളിച്ചോടാൻ ഒന്നുമില്ല. തന്നെ ചോദ്യം ചെയ്യുമെന്ന് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് പി. ശശിയുടെ പണിയാണെന്നും, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.