

സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഇന്റേൺഷിപ് അവസരങ്ങളുടെ പുതു ലോകം തുറന്നുകൊണ്ട് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) കേരള, എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുമായി (KTU) കൈകോർക്കുന്നു. ഈ ഇന്റേൺഷിപ്പിലൂടെ വിവിധ സാങ്കേതിക മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനപ്പുറം യഥാർത്ഥ പ്രൊജക്റ്റുകളിലും പ്രൊഫഷണൽ തൊഴിൽ അന്തരീക്ഷത്തിലും നേരിട്ടുള്ള പ്രായോഗിക പരിശീലനം നേടാൻ സാധിക്കും. (Internship Programme)
രാജ്യത്തെ പ്രമുഖ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, നൂതന സ്റ്റാർട്ടപ്പുകൾ, കോർ ടെക്നോളജി വ്യവസായങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഈ ഇന്റേൺഷിപ്പുകൾ സംഘടിപ്പിക്കുന്നത്. നാല് മുതൽ ആറ് മാസം വരെ ദൈർഘ്യമുള്ള ഇന്റേൺഷിപ്പുകളാണ് അക്കാദമിക് പാഠ്യപദ്ധതിയുടെ ഭാഗമായി അന്തിമ വർഷ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. ഈ പ്രായോഗിക പരിശീലനം വിദ്യാർത്ഥികളുടെ സാങ്കേതിക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും, ഉയർന്ന തൊഴിൽ സാധ്യത ഉറപ്പിക്കാനും, വ്യവസായ ലോകത്തെ കൂടുതൽ മനസ്സിലാക്കാനും സഹായിക്കുന്നു. ഭാവിയിലെ തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ ഈ പദ്ധതി പ്രതിജ്ഞാബദ്ധമാണ്.
ഈ ഇന്റേൺഷിപ്പ് അവസരങ്ങൾക്കായി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ സമയത്ത് ഒരു നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്. ASAP കേരളയുടെ കരിയർലിങ്ക് പോർട്ടൽ വഴി വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിലെ യുവ എഞ്ചിനീയർമാർക്ക് അവരുടെ കരിയർ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള മികച്ച വേദിയാണ് ഈ സംയുക്ത സംരംഭം തുറന്നു നൽകുന്നത്.
രജിസ്ട്രേഷൻ ലിങ്ക്: https://careerlink.asapkerala.gov.in/