

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് കാലടി മുഖ്യ ക്യാമ്പസിൽ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട് സർവ്വകലാശാലയ്ക്ക് ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടില്ല. കെ സി എയ്ക്ക് യൂസിംഗ് റൈറ്റ് മാത്രമായിരിക്കും ലഭിക്കുക. തുടർ ചര്‍ച്ചകൾക്കും വ്യവസ്ഥകൾക്കും വിധേയമായി മുന്നോട്ടു പോകാനായിരുന്നു സിൻഡിക്കേറ്റ് തീരുമാനം. പദ്ധതിയെ അട്ടിമറിക്കുന്നതിനും സർവ്വകലാശാലയുടെ അക്കാദമിക മേഖലയെ അപകീർത്തിപ്പെടുത്തുന്നതിനുമായി സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന വ്യാജ പ്രചരണങ്ങൾ ദുരുദ്ദേശപരമാണ്. വൈസ് ചാൻസലറെയും അഡ്വ. കെ. എസ്. അരുൺകുമാർ ഉൾപ്പെടെയുള്ള സിൻഡിക്കേറ്റ് അംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർവ്വകലാശാല നിയമനടപടികൾ സ്വീകരിക്കും, വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. (Cricket)
സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ നിലവിലുള്ള ഗ്രൗണ്ട് ക്രിക്കറ്റ് സ്റ്റേഡിയമായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി സർവ്വകലാശാലയുടെ മുന്നിൽ നിർദ്ദേശമുണ്ടായിരുന്നു. കായിക പഠന വിഭാഗത്തെ ശാക്തീകരിച്ച് സർവ്വകലാശാലയെ കായിക മേഖലയിൽ അക്കാദമികമായും മത്സര ഇനങ്ങളിലും അന്താരാഷ്ട്ര തലത്തിൽ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ഒരു പദ്ധതിയായാണ് ഈ നിർദ്ദേശത്തെ സർവ്വകലാശാല സമീപിച്ചത്. പ്രദേശികവും സംസ്ഥാന തലത്തിലുമുള്ള കായിക വികസനത്തിനും ഈ സംരംഭം നിർണായക സംഭാവനകൾ നൽകുമെന്നതിൽ സർവ്വകലാശാലയ്ക്ക് സംശയമില്ലായിരുന്നു. പ്രസ്തുത പദ്ധതി മുന്നോട്ട് കൊണ്ടുപോകാനും കൂടുതൽ ചർച്ചകൾ നടത്താനും ധാരണാപത്രം പുതുക്കി തയ്യാറാക്കി സമർപ്പിക്കാനുമാണ് ഡിസംബർ 19ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായത്.
പദ്ധതിയുടെ ദൈർഘ്യം 33 വർഷമാണ്. ക്രിക്കറ്റ് സ്റ്റേഡിയം, ഫുട്ബോൾ ഗ്രൗണ്ട്, ഇൻഡോർ - ഔട്ട്ഡോർ പരിശീലന നെറ്റുകൾ, എട്ട് ലൈനുകളിലുള്ള നാനൂറ് മീറ്റർ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, ഫിറ്റ്നസ് സെന്റർ, പവലിയൻ, ആയിരം പേർക്ക് ഇരിക്കാവുന്ന ഗാലറി, നൂറ് പേർക്ക് താമസിക്കാവുന്ന സ്പോർട്സ് ഹോസ്റ്റൽ, പാർക്കിംഗ്, ഡ്രെയിനേജ്, മഴവെള്ള സംഭരണം എന്നിവ ഉൾപ്പെടുന്ന മാസ്റ്റർ പ്ലാനാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. ക്രിക്കറ്റ് ഗ്രൗണ്ട്, കെ സി എ ടൂർണമെന്റുകൾക്കായി ഉപയോഗിക്കും. ഫുട്ബോൾ ഗ്രൗണ്ട്, അത്‌ലറ്റിക് ട്രാക്ക് എന്നിവ സർവ്വകലാശാലയുടെ പൂർണ നിയന്ത്രണത്തിലായിരിക്കും. സ്റ്റേഡിയത്തിന്റെ യൂസിംഗ് റൈറ്റ് നിശ്ചയിക്കുന്നത് നാല് സർവ്വകലാശാല പ്രതിനിധികളും മൂന്ന് കെ സി എ പ്രതിനിധികളുമടക്കം ഏഴ് അംഗങ്ങൾ ചേർന്ന കമ്മിറ്റിയായിരിക്കും. ക്രിക്കറ്റ് സ്റ്റേഡിയത്തോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റ്, ഫുട്മ്പോൾ സ്റ്റേഡിയങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള സ്പോർട്സ് ഹോസ്റ്റലും കേരള ക്രിക്കറ്റ് അസോസിയേഷന്റെ ചെലവിൽ നിർമ്മിച്ച് പൂർണമായും സർവ്വകലാശാലയ്ക്ക് കൈമാറും. ധാരണാപത്രമനുസരിച്ച് സർവ്വകലാശാലയുടെ ഒരു തുണ്ട് ഭൂമി പോലും വിൽക്കുകയോ കൈമാറുകയോ പണയം വയ്ക്കുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്യുന്നില്ല. സർവ്വകലാശാലയുടെ സ്ഥലത്ത് കെ സി എ നിർമ്മിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ യൂസിംഗ് റൈറ്റ് മാത്രമാണ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായി കെ സി എയ്ക്ക് കൈമാറുക. ഏത് തരം കളി, ഏത് സമയത്താണ് നടത്തേണ്ടതെന്ന് തീരുമാനമെടുക്കുന്നത് ഏഴംഗ വിദഗ്ധ കമ്മിറ്റിയായിരിക്കും. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന പ്രത്യേകിച്ച് മികച്ച കായിക പഠന വിഭാഗവും സ്പോർട്സ് കോഴ്സുകളുമുള്ള സർവ്വകലാശാലയെ സംബന്ധിച്ചിടത്തോളം നിലവിലെ ഗ്രൗണ്ടുകൾ, ക്രിക്കറ്റ് സ്റ്റേഡിയവും ഫുട്ബോൾ ഗ്രൗണ്ടുമായി വികസിക്കുന്നതും സ്പോർട്സ് ഹോസ്റ്റൽ നിർമ്മിച്ച് കിട്ടുന്നതും കുട്ടികളുടെ കായിക താൽപര്യങ്ങൾക്കും വികസനത്തിനും ഏറ്റവും അനുയോജ്യമാണ്. സ്പോർട്സ് വിഷയങ്ങളിൽ നിരവധി പി ജി കോഴ്സുകൾ ആരംഭിക്കുന്നത് സർവ്വകലാശാലയുടെ പരിഗണനയിലുണ്ടെന്നതിനാലാണ് നിർദ്ദിഷ്ട പദ്ധതിയുമായി മുന്നോട്ട് പോകുവാനും സർവ്വകലാശാലയ്ക്ക് നിശ്ചിത വരുമാനം ലഭിക്കത്തക്ക വിധത്തിലുളള തരത്തിൽ കൂടുതൽ ചർച്ചകൾ നടത്തുവാനും സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചത്. തുടർ ചര്‍ച്ചകൾക്കും എല്ലാ വ്യവസ്ഥകൾക്കും വിധേയമായി മാത്രം മുന്നോട്ട് പോകാനായിരുന്നു സിൻഡിക്കേറ്റ് തീരുമാനം, പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു.
ലോകോത്തരമായ കായിക സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം, അത് ലറ്റിക് ട്രാക്ക്, ഫുട്ബോൾ മൈതാനം, സ്പോർട്സ് ഹോസ്റ്റൽ എന്നിവ ലഭിക്കുന്ന ഈ പദ്ധതിയിലൂടെ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കേരളത്തിലെ പ്രമുഖ കായിക കേന്ദ്രമായി ഉയരും. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ, ടൂർണമെന്റുകൾ, പരിശീലന ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കാനുള്ള സൗകര്യം ഈ പദ്ധതിയിലൂടെ ലഭിക്കുകയും സർവകലാശാലയ്ക്ക് ദേശീയ–അന്തർദേശീയ ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്യും. സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള ഗ്രൗണ്ടിൽ പരിശീലിക്കാനും മത്സരാനുഭവം നേടാനും അവസരം ലഭിക്കും. 400 മീറ്റർ സ്റ്റാൻഡേർഡ് അത് ലറ്റിക് ട്രാക്ക് സംസ്ഥാന–ദേശീയതല മത്സരങ്ങൾ സംഘടിപ്പിക്കാൻ സർവ്വകലാശാലയെ സഹായിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ മൈതാനം വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനവും മത്സരാവസരങ്ങളും നൽകും. വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള താരങ്ങൾക്ക് താമസവും പരിശീലനവും സാധ്യമാക്കി ക്യാമ്പുകളും ടൂർണമെന്റുകളും സംഘടിപ്പിക്കാൻ സ്പോർട്സ് ഹോസ്റ്റൽ സൗകര്യം അവസരം നൽകും. ശാരീരിക വിദ്യാഭ്യാസം, കായിക ശാസ്ത്രം, ഗവേഷണം എന്നിവ അക്കാദമിക പഠനങ്ങളുമായി സംയോജിപ്പിക്കാൻ സഹായിക്കും. പ്രമുഖ മത്സരങ്ങളും ഇവന്റുകളും നടത്തുന്നതിലൂടെ സർവകലാശാലയുടെ ബ്രാൻഡ് മൂല്യം വർധിക്കും. മത്സരങ്ങൾ, ക്യാമ്പുകൾ, സ്പോർട്സ് ഹോസ്റ്റൽ, പരിശീലന പരിപാടികൾ എന്നിവ വഴി സർവ്വകലാശാലയ്ക്ക് സ്ഥിരമായ വരുമാനം ലഭിക്കും. വ്യക്തിത്വ വികസനം മത്സരപരമായ അന്തരീക്ഷം, വിദ്യാർത്ഥികളുടെ ആത്മവിശ്വാസം, നേതൃത്വ ഗുണങ്ങൾ, ടീം സ്പിരിറ്റ് എന്നിവ വിദ്യാർത്ഥികളിൽ വളർത്തും. സ്പോർട്സ് ടൂറിസത്തിലൂടെ കാലടി പ്രദേശത്ത് തൊഴിലുകളും ബിസിനസുകളും വർദ്ധിക്കും. പരമ്പരാഗത ജ്ഞാനവും ആധുനിക കായിക മികവും ഒരുമിപ്പിക്കുന്ന മാതൃകയായി ഈ പദ്ധതി കേരളത്തിന് പുതിയ ദിശ നൽകും. കേരളത്തിന്റെ കായിക പുരോഗതിയിലെ നാഴികക്കല്ലായി ഈ പദ്ധതി മാറുമെന്നതിൽ സംശയമില്ല, പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു