ഇന്ത്യയിൽ നടക്കുന്ന സി.എസ്.പി.ഒ.സി 2026 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ കെനിയൻ നാഷണൽ അസംബ്ലി സ്പീക്കർ ഡോ. മോസസ് മാസിക വെറ്റംഗുല തിരുവനന്തപുരം കിംസ്ഹെൽത്ത് സന്ദർശിച്ചു. കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ളയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വിവിധ ചികിത്സാ വിഭാഗങ്ങളിൽ കെനിയയിൽ നിന്നുള്ള രോഗികൾക്ക് വിദഗ്ധ ചികിത്സയും സാങ്കേതിക പിന്തുണയും ഉറപ്പാക്കുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. കിംസ്ഹെൽത്തിൽ ചികിത്സയിൽ കഴിയുന്ന കെനിയൻ നാഷണൽ അസംബ്ലി അംഗത്തെയും സ്പീക്കർ സന്ദർശിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള രോഗികൾക്ക് ലോകോത്തര നിലവാരത്തിലുള്ള, സമഗ്ര ചികിത്സ ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമായി കിംസ്ഹെൽത്ത് മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സന്ദർശനം.
ലോകനിലവാരത്തിലുള്ള മികച്ച ചികിത്സാ സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയാണ് കിംസ്‌ഹെൽത്തിന്റെ ലക്ഷ്യം എന്ന് ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. കെനിയൻ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ കൂടുതൽ രോഗികൾക്ക് മികച്ച പരിചരണവും സുരക്ഷയും ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സയ്ക്ക് പുറമെ, കെനിയയിലെ ആരോഗ്യ പ്രവർത്തകർക്കായി പരിശീലന പരിപാടികളും ശേഷി വികസന പദ്ധതികളും നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നു.