വനിതാ ദിനത്തിനകം എല്ലാ സർക്കാർ ഓഫീസുകളിലും ഇന്റേണൽ കമ്മിറ്റികൾ: മന്ത്രി വീണാ ജോർജ്

വനിതാ ദിനത്തിനകം എല്ലാ സർക്കാർ ഓഫീസുകളിലും ഇന്റേണൽ കമ്മിറ്റികൾ: മന്ത്രി വീണാ ജോർജ്
Published on

2025 മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് പ്രകാരം എല്ലാ സർക്കാർ ഓഫീസുകളിലും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടൊപ്പം ഐടി പാർക്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയും ഇന്റേണൽ കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. പത്തോ പത്തിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും നിയമം അനുസരിച്ചുള്ള ഇന്റേണൽ കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് പ്രകാരമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി 2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് പോഷ് കംപ്ലയന്റ്സ് പോർട്ടൽ (http://posh.wcd.kerala.gov.in) ആരംഭിച്ചത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് പോഷ് കംപ്ലയന്റ്സ് പോർട്ടൽ സജ്ജമാക്കിയത്. ആ ഘട്ടത്തിൽ ആയിരത്തോളം സ്ഥാപനങ്ങളിൽ മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണൽ കമ്മിറ്റികൾ ഉണ്ടായിരുന്നത്. 2024 ഓഗസ്റ്റിൽ വകുപ്പ് ജില്ലാടിസ്ഥാനത്തിൽ ക്യാമ്പയിൻ ആരംഭിച്ചു. ഇപ്പോൾ പോഷ് കംപ്ലയന്റ്സ് പോർട്ടലിലൂടെ 17,113 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ 10,533 സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ സന്ദർശിച്ച് പരിശോധനകളിലൂടെയും ബോധവത്ക്കരണത്തിലൂടെയുമാണ് ഇത്രയേറെ സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യിപ്പിക്കാനായത്.

സംസ്ഥാനത്ത് ആദ്യമായാണ് ഈ സർക്കാരിന്റെ കാലത്ത് ഇങ്ങനെയൊരു സംവിധാനം ആവിഷ്‌ക്കരിച്ചത്. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളിൽ നിലവിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ല എന്നുള്ളത് മനസിലാക്കാൻ സാധിക്കും. ഇങ്ങനെ സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ഇന്റേണൽ കമ്മിറ്റികളുടേയും പ്രവർത്തനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും വകുപ്പിന് സാധിക്കും. സ്ത്രീകൾക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാനും സാധിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com