

കൊച്ചി: ഗോദ്റേജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ ഹോം ആന്‍ഡ് ഓഫീസ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഇന്റീരിയോ ബൈ ഗോദ്റേജ് അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇന്ത്യന്‍ വീടുകളിലെ അടുക്കളകള്‍ ആധുനികമാക്കാനായുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. രണ്ട്, മൂന്ന് നിര നഗരങ്ങളിലെ ആധുനിക വീടുകളിലെ അടുക്കളകള്‍ ലക്ഷ്യമിടുന്ന ബിസിനസില്‍ 10 ശതമാനം സിഎജിആര്‍ വളര്‍ച്ച നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഉപഭോക്തൃ അനുഭവം കൂടുതല്‍ വ്യക്തിഗതമാക്കുന്നതിനായി ഇന്റീരിയോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ 'കിച്ചന്‍ കോണ്‍ഫിഗറേറ്റര്‍' അവതരിപ്പിച്ചിട്ടുണ്ട്. 1.25 ലക്ഷം രൂപ മുതല്‍ പ്രീ-കോണ്‍ഫിഗേഡ് മൊഡ്യൂളുകള്‍ ലഭ്യമാണ്. പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യക്തിഗത മാറ്റങ്ങളും ചെയ്യാന്‍ സാധിക്കും.
കിച്ചന്‍ വിഭാഗത്തിലെ ഇന്റീരിയോയുടെ പ്രധാന ഉല്‍പ്പന്നങ്ങളിലൊന്നാണ് 'സ്റ്റീല്‍ ഷെഫ്' മൊഡുലാര്‍ സ്റ്റീല്‍ കിച്ചന്‍ ശ്രേണി. മിഡ്-പ്രീമിയം വിഭാഗത്തിലുള്ള ഈ ശ്രേണി ദൈര്‍ഘ്യം, ആകര്‍ഷകമായ രൂപകല്‍പ്പന, വ്യക്തിഗതവത്കരണ ഓപ്ഷനുകള്‍ എന്നിവയാണ് ഉറപ്പാക്കുന്നത്. ഇതിന് പുറമെ, സ്മാര്‍ട്ട് ചിമ്മിനികള്‍, ടോള്‍ കോര്‍ണര്‍ യൂണിറ്റുകള്‍, 22 ഹണ്ട്രഡ് യൂണിറ്റുകള്‍, ഏഴ് അടി ഉയരമുള്ള ടോള്‍ പുള്‍-ഔട്ട് യൂണിറ്റുകള്‍ തുടങ്ങിയ വിവിധ ആക്സസറികളും കമ്പനി നിര്‍മ്മിക്കുന്നുണ്ട്. പരമ്പരാഗതമായി നിര്‍മിക്കുന്ന അടുക്കളകളെ അപേക്ഷിച്ച് 5 മുതല്‍ 7 ദിവസത്തിനുള്ളില്‍ ഗോദ്റേജ് അടുക്കളകളുടെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കാനാകും.
ഇന്ത്യയിലെ കിച്ചന്‍, ഡൈനിംഗ് ഫര്‍ണിച്ചര്‍ വിപണി 2026ല്‍ 251.32 മില്യണ്‍ യുഎസ് ഡോളറില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. 2030 വരെ 2.28 ശതമാനം സിഎജിആര്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇതിലും കൂടുതല്‍ വേഗത്തില്‍ വളരാനാണ് ഇന്റീരിയോ ലക്ഷ്യമിടുന്നത്. പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, 120 നഗരങ്ങളിലായുള്ള ഗോദ്റേജിന്റെ 250 കിച്ചന്‍ ഗാലറികള്‍, മഹാരാഷ്ട്രയിലെ ഖലാപൂരിലെ ആധുനിക നിര്‍മ്മാണശാല എന്നിവ ഈ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്നു. പ്രതിദിനം 250 ആധുനിക അടുക്കളകള്‍ വരെ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് ഖലാപൂരിലെ പ്ലാന്റ്.