കൊച്ചി : കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് കോണ്‍ട്രാക്ട് കാരിയേജ് ബസ് സര്‍വീസുകള്‍ നാളെ മുതൽ ബസ് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്.
ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളെ വലയ്ക്കുന്ന നീക്കമായിരിക്കും ഇതെന്നാണ് വിലയിരുത്തലുകള്‍. കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറും ഗതാഗത കമ്മീഷണറും ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് തമിഴ്‌നാട് ഓംനി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കേരളത്തിലേക്കുള്ള ബസ്സുകളുടെ ശനിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കേരളത്തിൽ നിന്ന് തിരുവനന്തപുരം മുതൽ കാസര്‍കോട് വരെയുള്ള ജില്ലകളിൽ നിന്നായി ബെംഗളൂരുവിലേക്കടക്കം നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.
എന്നാല്‍, പെര്‍മിറ്റ് ലംഘനം നടത്തുന്ന ബസുകള്‍ക്കെതിരേ നടപടി തുടരുമെന്നും കനത്ത പിഴ ഈടാക്കുമെന്നുമാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.അമിതവേഗം, എയര്‍ ഹോണുകളുടെ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളിലെയും രേഖകളിലെയും ക്രമക്കേട് തുടങ്ങി നിയമലംഘനങ്ങള്‍ വേറെയുമുണ്ട്. ഇവ കണ്ടെത്തുന്നതിന് വെള്ളിയാഴ്ച നടത്തിയ പരിശോധനകളിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകള്‍ പിടിച്ചെടുത്തത്.