കോട്ടയം:അന്തർസംസ്ഥാന ബസ് ഡ്രൈവറെ മർദിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു, കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് തിരുനക്കര വെച്ചാണ് ബസ് ഡ്രൈവർക്ക് നേരെ ആക്രമണമുണ്ടായത്. കോട്ടയം വെസ്റ്റ് പോലീസിൻ്റെ കസ്റ്റഡിയിലായത് മനു മോഹൻ (കോട്ടയം, തോട്ടക്കാട്), അജിത് കെ. രവി (കോട്ടയം, തോട്ടക്കാട്), അനന്തുകൃഷ്ണൻ (കൊല്ലം, ചടയമംഗലം), സഞ്ജു എസ്. (ആലപ്പുഴ, പുളിങ്കുന്ന്) എന്നിവരാണ്.( Inter-state bus driver assaulted in Kottayam, 4 arrested)
വെള്ളിയാഴ്ച രാത്രി പത്തനംതിട്ടയിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവറെയാണ് നാല് പേരടങ്ങുന്ന സംഘം അതിക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ചിങ്ങവനത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകാനായി നാല് യുവാക്കളിൽ മൂന്ന് പേർ ടിക്കറ്റെടുത്തിരുന്നു. എന്നാൽ ബസ് വന്ന സമയത്ത് മനു മോഹൻ എന്നയാൾക്ക് മാത്രമാണ് ബസിൽ കയറാൻ സാധിച്ചത്. മറ്റ് രണ്ട് പേർക്ക് കൃത്യ സമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല.
ബസ് വളരെ നേരം കാത്തുനിന്നിട്ടും അവർ വരാത്തതിനാൽ ഡ്രൈവർ യാത്ര തുടർന്നു. പിന്നീട് മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ ഇവർ ബസിൽ കയറുകയും, തങ്ങളെ കാത്തുനിൽക്കാതെ ബസെടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഡ്രൈവറെ കൈയേറ്റം ചെയ്യുകയുമായിരുന്നു. നാല് പേരെ പ്രതി ചേർത്താണ് പോലീസ് കേസെടുത്തിരുന്നത്. അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.