വയനാട്: കണിയാമ്പറ്റ, പനമരം മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ തുടരുന്ന കടുവയെ തിരികെ കാടുകയറ്റാനുള്ള തീവ്രശ്രമം വനം വകുപ്പ് ഊർജിതമാക്കി. തെർമൽ ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കടുവയെ കണ്ടെത്തി, ജനവാസ മേഖലയിൽ നിന്ന് അകറ്റാനാണ് വനം വകുപ്പിന്റെ ഇപ്പോഴത്തെ ശ്രമം.(Intense efforts to capture tiger that strayed into residential area in Wayanad)
അഞ്ച് വയസ്സുള്ള ആൺ കടുവയാണ് പ്രദേശത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഇതിനെ പിടികൂടാനായി കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനുമുള്ള ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്ത് കടുവയുടെ സഞ്ചാരപാതകൾ നിരീക്ഷിക്കുന്നതിനായി ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലിൽ നിന്ന് കടുവയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും, അത് ജനവാസ മേഖലയിലേക്ക് തന്നെ ഓടിപ്പോവുകയായിരുന്നു. ഇത് പ്രദേശവാസികളുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
കടുവയുടെ സാന്നിധ്യം ശക്തമായതിനെത്തുടർന്ന് പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർഡുകളിൽ നിരോധനാജ്ഞയും നിലനിൽക്കുന്നുണ്ട്.
അവധി പ്രഖ്യാപിച്ച വാർഡുകൾ: പനമരം പഞ്ചായത്ത്: 6, 7, 8, 9, 14, 15 വാർഡുകൾ,കണിയാമ്പറ്റ പഞ്ചായത്ത്: 5, 6, 7, 19, 20 വാർഡുകൾ എന്നിവയാണ്. ഈ മേഖലകളിലെ സ്കൂൾ പരീക്ഷകൾ ഉൾപ്പെടെയുള്ളവ മാറ്റിവെച്ചതായും അധികൃതർ അറിയിച്ചു. കടുവയെ ഉടൻ സുരക്ഷിതമായി കാട്ടിലേക്ക് മാറ്റാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.