
ഓണത്തോടനുബന്ധിച്ച് പൊതുവിതരണ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി പൊതുവിപണിയില്‍ പരിശോധന നടത്തി. പ്രധാനമായും ചാല കമ്പോളം കേന്ദ്രീകരിച്ച് പച്ചക്കറി, ബേക്കറി, റസ്റ്റോറന്റ്, പലചരക്ക് വിഭാഗങ്ങളിലായി 25ഓളം കടകളിലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ കണ്ടെത്തിയില്ല. വിലവിവരം പ്രദര്‍ശിപ്പിച്ചിട്ടില്ലാത്തതും തൂക്കത്തില്‍ കുറവും ത്രാസുകള്‍ സീല്‍ ചെയ്യാത്തതും ലൈസന്‍സുകള്‍ എടുക്കാത്തതും പുതുക്കാത്തതുമായ 11 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇവരില്‍ നിന്ന് 17,000 രൂപ പിഴ ഈടാക്കി.
മറ്റ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൂടാതെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിന് കടയുടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ജില്ലാ സപ്ലൈ ഓഫീസര്‍ സിന്ധു കെ.വിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍ രാജലക്ഷ്മി എസ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ സജീബ് എ.കെ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ജിഷ പി.പി, രശ്മി കെ.വി, ഷിനി സി.ജി, മഹേഷ് വി എന്നിവര്‍ പങ്കെടുത്തു.