പാലക്കാട്: ചിറ്റൂർ അത്തിക്കോട് കാണാതായ ആറ് വയസ്സുകാരൻ സുഹാൻ്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ശരീരത്തിൽ പരിക്കുകളോ മറ്റ് സംശയാസ്പദമായ അടയാളങ്ങളോ ഇല്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുഹാൻ്റെ പിതാവ് അനസ് വിദേശത്തുനിന്ന് നാട്ടിലെത്തി.(Initial postmortem report of 6-year-old boy in Chittur says that his death is due to drowning)
ഇന്നലെ രാവിലെ 11 മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സുഹാനെ കാണാതാകുന്നത്. സഹോദരനോട് പിണങ്ങി വീടിന് പുറത്തേക്ക് പോയതായിരുന്നു കുട്ടി. കുട്ടി തിരിച്ചുവരാത്തതിനെത്തുടർന്ന് തെരച്ചിൽ ആരംഭിച്ചു. 21 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ വീടിന് 800 മീറ്റർ അകലെയുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിന്റെ മധ്യഭാഗത്തായി മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു.
വീടിന് ഇത്ര ദൂരെയുള്ള കുളത്തിലേക്ക് കുട്ടി എങ്ങനെ എത്തിയെന്ന കാര്യത്തിൽ നാട്ടുകാർക്ക് ആദ്യം സംശയമുണ്ടായിരുന്നു. റോഡും ചെറിയ കനാലും കടന്നു വേണം ഈ കുളത്തിലെത്താൻ. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മറ്റ് അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ല.
മരണത്തിൽ നിലവിൽ ദുരൂഹതകളൊന്നുമില്ലെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. സ്കൂൾ അധ്യാപികയായ മാതാവ് സ്കൂൾ ആവശ്യത്തിനായി പുറത്തുപോയ സമയത്തായിരുന്നു സംഭവം.