ചാലക്കുടി: തമിഴ്‌നാട് വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയത് കരടിയാണെന്ന് പ്രാഥമിക നിഗമനം. വേര്‍വേലി എസ്റ്റേറ്റിലെ അസം സ്വദേശികളുടെ മകന്‍ നൂറല്‍ ഇസ്ലാമാണ് മരിച്ചത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കരടിയുടെ ആക്രമണമാണെന്നാണ് കണ്ടെത്തല്‍.മുറിവുകളുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കരടിയാണെന്നാണ് സൂചന.ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് വന്നാലേ ഇതില്‍ വ്യക്തതയുണ്ടാകൂ.
ഇന്നലെ വൈകുന്നേരമാണ് എട്ടു വയസ്സുകാരനെ വന്യജീവി പിടികൂടിയത്.സഹോദരന് പാല്‍ വാങ്ങാനായാണ് കുട്ടി പുറത്തേക്ക് പോയതാണെന്നാണ് പറയുന്നത്. ഏറെ നേരമായിട്ടും കാണാതായതോടെ പിതാവ് അന്വേഷിച്ച് പോകുകയായിരുന്നു.
തുടര്‍ന്ന് കുട്ടി പാലിനായി കൊണ്ടുപോയ പാത്രം കണ്ടെത്തുകയും പിന്നീട് നാട്ടുകാരെ കൂട്ടി തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. മുഖം മുഴുവൻ കടിച്ചുകീറിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.