തിരുവനന്തപുരം : കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ ശിശു മരണനിരക്ക് അഞ്ചാണെന്നാണ് ഏറ്റവും പുതിയ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്.
25 ആണ് ദേശീയ ശരാശരി. അമേരിക്കൻ ഐക്യനാടുകളിലെ ശിശുമരണ നിരക്ക് 5.6 ആണെന്നും വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോൾ കേരളത്തിലെ ശിശു മരണനിരക്കെന്നും മന്ത്രി പറഞ്ഞു. മാതൃശിശു സംരക്ഷണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടേയും നിലവാരം ഉയർത്തുന്നതിന് നടപടികൾ സ്വീകരിച്ചു.
രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ ശിശുമരണനിരക്ക് 28 ഉം നഗരമേഖലകളില്‍ 19 ഉം ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ശിശുമരണനിരക്ക് അഞ്ചായി നിലനിര്‍ത്താന്‍ കഴിഞ്ഞു. ഇത് ഗ്രാമ-നഗര മേഖലകളില്‍ ഒരുപോലെ ആരോഗ്യസേവനങ്ങള്‍ ലഭ്യമാകുന്നതിന്റെ തെളിവാണ്. കേരളത്തിന്റെ അഭിമാന നേട്ടത്തിന് ഒപ്പം പ്രവർത്തിച്ച എല്ലാആരോഗ്യ പ്രവർത്തകരോടും സഹപ്രവർത്തകരോടും മന്ത്രി നന്ദി പറഞ്ഞു.