താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ സങ്കീര്‍ണമായ ഹെര്‍ണിയ പരിഹരിച്ച് ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍

ഡോ. ബിനില്‍ കേശവന്‍
ഡോ. ബിനില്‍ കേശവന്‍
Published on

കൊച്ചി : സങ്കീര്‍ണമായ ഇന്‍ഗ്വിനല്‍ ഹെര്‍ണിയ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തീരെച്ചെറിയ മുറിവുകള്‍ സൃഷ്ടിച്ച് അതിലൂടെ ശസ്ത്രക്രിയാഉപകരണങ്ങള്‍ കടത്തി വിട്ടാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. 'എപ്പോഴും വയറിന് അസ്വസ്ഥ, പോരാത്തതിന് നീര്‍വീക്കം കാരണം വയറിന്റെ വലുപ്പവും കൂടി വരുന്നു ' - ഈ ലക്ഷണങ്ങളോടെയാണ് 52കാരനായ രോഗി കൊച്ചിയിലെ ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ത്തന്നെ രോഗിയുടെ പ്രശ്‌നം ഇന്‍ഗ്വിനല്‍ ഹെര്‍ണിയയാണെന്ന് സ്ഥിരീകരിച്ചു. കണ്‍സള്‍ട്ടന്റ് ജനറല്‍ ലാപ്രോസ്‌കോപിക് സര്‍ജന്‍ ഡോ. ബിനില്‍ കേശവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പ്രശ്‌നം പരിഹരിച്ച് രോഗിയെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ രോഗി ഓപ്പണ്‍ സര്‍ജറിക്ക് ഹെര്‍ണിയ വിധേയനായിരുന്നു. എന്നാല്‍ ഹെര്‍ണിയ വീണ്ടും വന്നതും ഭാരക്കൂടുതലും വ്യായാമത്തിന്റെ അഭാവവും രോഗാവസ്ഥ വീണ്ടും സങ്കീര്‍ണമാക്കി.

തന്റെ രോഗാവസ്ഥയെക്കുറിച്ചും ഡോ.ബിനിലിന്റെ പിന്തുണകൊണ്ട് ജീവിതത്തിലെ സന്തോഷങ്ങള്‍ വീണ്ടെടുത്തതിനെക്കുറിച്ചും ആ 52കാരന്‍ പറഞ്ഞതിങ്ങനെ.- ' പരസഹായമില്ലാതെ നടക്കാന്‍പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഹെര്‍ണിയയുടെ വേദനമൂലം ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. പൂര്‍ണമായും ഹെര്‍ണിയ സുഖപ്പെടുമോയെന്നു വരെ ഞാന്‍ സംശയിച്ചിരുന്നു. ചെറിയൊരു താക്കോല്‍ദ്വാര ശസ്ത്രക്രിയകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാമെന്നും എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാവുമെന്നും ഡോക്ടര്‍ ബിനില്‍ എനിക്കുറപ്പു തന്നു. ചികില്‍സയെക്കുറിച്ചറിയേണ്ട കാര്യങ്ങളെല്ലാം അദ്ദേഹം വിശദീകരിക്കുകയും ആത്മവിശ്വാസത്തോടെ ശസ്ത്രക്രിയയെ നേരിടാനുള്ള കരുത്തു നല്‍കുകയും ചെയ്തു. ശസ്ത്രകിയയ്ക്കു ശേഷം 48 മണിക്കൂറിനു ശേഷം ഞാന്‍ എഴുന്നേറ്റു നടന്നു, ഒരാഴ്ചക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് ഞാന്‍ മടങ്ങി. '

ഇതുപോലെ സങ്കീര്‍ണമായ, അതേ സമയം ആവര്‍ത്തന സാധ്യതയുള്ള ഹെര്‍ണിയ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മതയും കൃത്യമായ ആസൂത്രണവും വേണമെന്നാണ് ഡോ.ബിനിലിന്റെ പക്ഷം. മധ്യവയസ്‌കരായ പുരുഷന്മാരില്‍ കാണുന്ന വളരെ സാധാരണമായ അവസ്ഥയാണ് ഇന്‍ഗ്വിനല്‍ ഹെര്‍ണിയ. ശസ്ത്രക്രിയയോടുള്ള ഭയം കാരണമോ, ഹെര്‍ണിയ വീണ്ടും വരുമോയെന്നുള്ള ആശങ്ക കൊണ്ടോ ഒക്കെ പലരും ചികില്‍സയെടുക്കാന്‍ മടിക്കാറുണ്ട്. നിസാരമായ താക്കോല്‍ദ്വാര ശസ്ത്രക്രിയകൊണ്ട് പുതിയ കാലത്ത് ഹെര്‍ണിയ പരിഹരിക്കാം. തീരെ ചെറിയ മുറിവുകളിലൂടെയാണ് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം സുഖംപ്രാപിക്കാനും വളരെ കുറഞ്ഞ സമയം മാത്രം മതിയാകും എന്ന മെച്ചവും ഈ ചികില്‍സാരീതിയ്ക്കുണ്ട്. - ഡോ. ബിനില്‍ പറയുന്നു.

ഉദരത്തിലെ മസിലുകള്‍ക്കുണ്ടായ ബലക്ഷയം മൂലം പേശിഭിത്തിയിലെ വിടവിലൂടെ ഏതെങ്കിലും അവയവമോ, കോശമോ പുറത്തേക്കു തള്ളി വരുന്ന അവസ്ഥയാണ് ഹെര്‍ണിയ. ഇന്‍ഗ്വിനല്‍ ഹെര്‍ണിയ (ഗ്രോയിന്‍ ഹെര്‍ണിയ), ആംപ്ലിക്കല്‍ ഹെര്‍ണിയ (പൊക്കിളില്‍ വരുന്ന ഹെര്‍ണിയ), ഫെമോറല്‍ ഹെര്‍ണിയ(തുടയെല്ലിനു സമീപം വരുന്ന ഹെര്‍ണിയ), ഇന്‍സിഷണല്‍ ഹെര്‍ണിയ (ശസ്ത്രക്രിയാ മുറിവുകളില്‍ നിന്നുണ്ടാകുന്ന ഹെര്‍ണിയ) തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹെര്‍ണിയ വരാറുണ്ട്. ചെറിയ രീതിയിലുള്ള ഹെര്‍ണിയകള്‍ അപകടകരമല്ലെങ്കിലും തിരിച്ചറിഞ്ഞിട്ടും ചികില്‍സിക്കപ്പെടാത്ത ഹെര്‍ണിയകള്‍ ഭാവിയില്‍ രക്തധമനിയെ ഞെരുക്കുന്നതു പോലെയുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമായേക്കാം.

ഹെര്‍ണിയ നേരത്തെ തിരിച്ചറിയുന്നതും ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ അതു പരിഹരിക്കാന്‍ ശ്രമിക്കുന്നതും രോഗിയുടെ അവസ്ഥ മെച്ചപ്പെടാന്‍ സഹായിക്കുകയും അടിയന്തിര സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും ഡോ. ബിനില്‍ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എത്ര സങ്കീര്‍ണമായ, ആവര്‍ത്തിക്കപ്പെടുന്ന ഹെര്‍ണിയയെയും ഏറെ ആത്മവിശ്വാസത്തോടെ പരിഹരിക്കാന്‍ സാധിക്കുമെന്ന ഉറപ്പും ഡോ.ബിനില്‍ നല്‍കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com