കണ്ണൂർ: വിമാന സർവീസുകൾ മുടങ്ങിയ വിഷയത്തിൽ ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി ഇ.പി. ജയരാജൻ. ഇൻഡിഗോ നേർവഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന് തനിക്ക് നേരത്തേ അറിയാമായിരുന്നുവെന്നും കമ്പനിയെ താൻ പ്രാകിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.(IndiGo is not an organization going in the right direction, says EP Jayarajan)
"അന്നേ അറിയാം... നേർവഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്. അന്ന് അവർ എടുത്ത നിലപാട് അങ്ങനെയായിരുന്നു. കോൺഗ്രസിന്റെ ഡൽഹിയിലെ നേതാക്കൾ ഇൻഡിഗോയുമായി സംസാരിച്ചാണ് എനിക്കെതിരായി ഉപരോധം ഏർപ്പെടുത്തിയത്. അന്നേ എനിക്ക് അറിയാം മാനേജ്മെന്റ് തെറ്റായ നിലപാട് എടുക്കുന്നവരാണെന്ന്." – ഇ.പി. ജയരാജൻ പറഞ്ഞു.
ഇൻഡിഗോ വിമാനസർവീസുകൾ മുടങ്ങിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ ഇൻഡിഗോ ബഹിഷ്കരിച്ചതാണെന്നും, പിന്നീട് സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്ന് അടിയന്തരമായി ഡൽഹിയിലെത്താൻ വേണ്ടിയാണ് ഇൻഡിഗോ വിമാനത്തിൽ കയറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡിഗോയുടെ നിരക്കുകളെയും അദ്ദേഹം വിമർശിച്ചു: "അന്ന് ഞാൻ പറഞ്ഞതെല്ലാം ശരിയാണ്. അംഗീകൃത നിരക്കിനേക്കാൾ കൂടുതലാണ് ഇൻഡിഗോ വാങ്ങുന്നത്."
കൂടാതെ, "ഞാൻ പ്രാകിയിട്ടുണ്ട്. അത് ഫലിച്ചോ എന്നറിയില്ല. ഇൻഡിഗോ മാനേജ്മെന്റിനെപ്പറ്റി എല്ലാവർക്കും മനസ്സിലായി. ഇപ്പോഴെങ്കിലും തിരുത്താൻ തയാറാകണം. ഇനിയെങ്കിലും നന്നാകൂ, നല്ല രീതിയിൽ വ്യവസായം നടത്തൂ എന്നാണ് അവരോട് പറയാനുള്ളത്," എന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.