കേരളത്തിലും ഇൻഡിഗോ പ്രതിസന്ധി: വിമാനങ്ങൾ റദ്ദാക്കി, വലഞ്ഞ് യാത്രക്കാർ | IndiGo
തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസിൻ്റെ വിമാന സർവീസുകൾ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും കേരളത്തിലെ യാത്രക്കാരെ ദുരിതത്തിലാക്കി. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളമാണ് യാത്രക്കാർ കാത്തിരിക്കുന്നത്.(IndiGo crisis in Kerala, Flights cancelled, passengers in trouble)
കണ്ണൂർ വിമാനത്താവളത്തിൽ ഇന്നും വിമാന സർവീസുകൾ താളം തെറ്റി. വ്യാഴാഴ്ചയും ഇവിടെ ഇൻഡിഗോ സർവീസുകളിൽ പ്രതിസന്ധി നേരിട്ടിരുന്നു. കണ്ണൂരിൽനിന്ന് ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത് ഇൻഡിഗോയാണ്. വെള്ളിയാഴ്ച ഫുജൈറയിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി.
കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-അബുദാബി വിമാനങ്ങൾ അനിശ്ചിതമായി വൈകുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലും വെള്ളിയാഴ്ച ഇൻഡിഗോ യാത്രക്കാർക്ക് ദുരിതമുണ്ടായി. തിരുവനന്തപുരത്തേക്ക് വരേണ്ട മൂന്ന് വിമാനങ്ങളും ഇവിടെനിന്ന് പുറപ്പെടേണ്ട മൂന്ന് വിമാനങ്ങളും വൈകുന്നുണ്ട്.
തിരുവനന്തപുരം-പൂനെ, തിരുവനന്തപുരം-ബെംഗളൂരു ഉൾപ്പെടെ നാല് ഇൻഡിഗോ വിമാനസർവീസുകൾ വെള്ളിയാഴ്ച റദ്ദാക്കി.അതേസമയം, ഇൻഡിഗോ സർവീസുകൾ വൈകുന്നത് സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്.
