കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍-ഇ.വി എക്‌സ്‌പോയും വ്യവസായി മഹാസംഗമവും കൊച്ചിയില്‍ | Expo

ജനുവരി 16ന് എക്‌സ്‌പോയുടെ ഉദ്ഘാടനം കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും
k n balagopal

കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും, മെട്രോമാര്‍ട്ടും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍-ഇ.വി എക്‌സ്‌പോയും വ്യവസായി മഹാസംഗമവും 2026 ജനുവരി 16, 17, 18 തീയതികളില്‍ കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കൺവെൻഷൻ സെന്ററില്‍ നടക്കും. വ്യവസായി മഹാസംഗമം 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാഥിതിയാകും. (Expo)

ജനുവരി 16ന് എക്‌സ്‌പോയുടെ ഉദ്ഘാടനം കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ മുഖ്യാഥിതിയാകും.

18ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് തുടങ്ങിയവരും പങ്കെടുക്കും.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യവസായ എക്‌സ്‌പോയുടെ ഭാഗമായി ഇ.വി. ആന്‍ഡ് ഗ്രീന്‍ എനര്‍ജി ഇന്ത്യ എക്‌സ്‌പോയും അരങ്ങേറും. കേരളത്തിന്റെ വ്യവസായ മേഖലയുടെ പുത്തന്‍ ഉണര്‍വ് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന എക്‌സിബിഷനില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ ഇതിനോടകം അറുന്നൂറോളം എക്‌സിബിറ്റേഴ്‌സും, ഇരുപതിനായിരത്തിലധികം ട്രേഡ് വിസിറ്റേഴ്‌സും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി കെ.എസ്.എസ്.ഐ.എ അംഗങ്ങളായ പതിനായിരത്തിലധികം വ്യവസായികളും, കെ.എസ്.എസ്.എ.ഐ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള പതിനെട്ട് വ്യവസായ-അനുബന്ധ മേഖലയിലെ വ്യവസായികളും, വ്യവസായി മഹാസംഗമത്തിന്റെ ഭാഗമാകും.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വ്യവസായ വാണിജ്യ ഡയറക്ടര്‍, തൃശൂര്‍ എംഎസ്എംഇ ഡിഎഫ്ഒ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജിഎസ് പ്രകാശ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍, വ്യവസായ ബിസിനസ് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.

ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് മിഷനറികള്‍, എന്‍ജിനീയറിങ്, ഫുഡ്, കെമിക്കല്‍, പ്ലാസ്റ്റിക്, ഓയില്‍, ഗ്യാസ്, റബ്ബര്‍, കശുവണ്ടി, കാര്‍ഷിക അധിഷ്ഠിത ഉപകരണങ്ങള്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, ചൈന, യു.കെ., യുഎഇ, ജര്‍മ്മനി, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള അറുന്നൂറോളം പ്രമുഖ മെഷിനറി നിര്‍മ്മാതാക്കള്‍, അവരുടെ ഉത്പന്നങ്ങളും, നൂതന സാങ്കേതികവിദ്യകളും, മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കും, സോളാര്‍, വിന്‍ഡ് എനര്‍ജി തുടങ്ങിയ ഹരിതോര്‍ജ്ജ മേഖലകള്‍ക്കുമായി, പ്രത്യേക പ്രദര്‍ശനവും പവലിയനും ഒരുക്കും. ഇലക്ട്രിക് ടു-വീലറും, കാറും മുതല്‍, ഇലക്ട്രിക് ട്രക്ക് വരെ മേളയില്‍ പ്രദര്‍ശിപ്പിക്കും. മുന്‍നിര, ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍, അവരുടെ വാഹനങ്ങള്‍, ഇ.വി. ആന്‍ഡ് ഗ്രീന്‍ എനര്‍ജി ഇന്ത്യ എക്‌സ്‌പോ എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശന മേളയില്‍ അണിനിരത്തും.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക പവലിയന്‍, മേളയുടെ പ്രധാന ആകര്‍ഷണമാണ്. പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മെഷിനറി നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുന്നതിനായി ഹെല്‍പ് ഡെസ്‌കുകള്‍ സജജമാക്കും. ഇതോടൊപ്പം വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി, വിവിധ ബാങ്കുകളുടെ ഹെല്‍പ്പ്‌ഡെസ്‌കുകളും ഉണ്ടാകും. കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെ പ്രത്യേക സ്റ്റാളുകളും സജ്ജീകരിക്കും.

വ്യവസായങ്ങളെ ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍, ബയര്‍-സെല്ലര്‍ മീറ്റിംഗുകള്‍, വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍ എന്നിവയും സംഘടിപ്പിക്കും.

കേരളത്തിലേക്ക് വ്യവസായികളെ ആകര്‍ഷിക്കുകയും, ഒപ്പം ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയുമാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധതരം റോബോട്ടുകൾ സെന്‍സറുകള്‍, എ.ഐ. അനുബന്ധ മെഷിനറികള്‍ എന്നിവയ്‌ക്കൊപ്പം, നിര്‍മ്മാണം, ഓട്ടോമൊബൈൽ, ഉത്പാദനം, ഹോസ്പിറ്റാലിറ്റി, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കാവുന്ന മെഷിനറികളുടെ പ്രദര്‍ശനം, കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് കരുത്തേകും. സംസ്ഥാനത്തിന്റെ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സിബിഷനായിരിക്കും ഇത്തവണത്തേതെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.

മേളയില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കൺവെൻഷൻ സെന്ററില്‍ 2024 ഡിസംബറിലായിരുന്നു എക്‌സ്‌പോയുടെ ആദ്യത്തെ എഡിഷന്‍ അരങ്ങേറിയത്.

പ്രവേശനം സൗജന്യമാണ്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.iiie.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോൺ 9947733339 /9995139933, ഇമെയില്‍ - info@iiie.in.

കെ. എസ്. എസ്. ഐ. എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍, ജനറല്‍ സെക്രട്ടറി ജോസഫ് പൈകട, ട്രഷറര്‍ ബി. ജയകൃഷ്ണന്‍, ഐ. ഐ. ഐ. ഇ ചെയര്‍മാന്‍ കെ. പി. രാമചന്ദ്രന്‍ നായര്‍, വൈസ് പ്രസിഡന്റ് എ. വി. സുനില്‍ നാഥ്, എക്‌സ്‌പോ സിഇഒ സിജി നായര്‍, ജോയിന്റ് സെക്രട്ടറിമാരായ എം. എം. മുജീബ് റഹിമാന്‍, കെ. വി. അന്‍വര്‍, കെ. എസ്. എസ്. ഐ. എ ന്യൂസ് ചീഫ് എഡിറ്റര്‍ എസ്. സലീം, പ്രോഗ്രാം കമ്മിറ്റി ചെയർമാനും പവിഴം ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ എൻ പി ആന്റണി എന്നിവര്‍ കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com