
കോഴിക്കോട്: ജോലി സമയം കൂട്ടാനുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടിലെ നിർദേശം കോർപ്പറേറ്റുകൾക്ക് തൊഴിൽ ചൂഷണം നടത്താൻ അവസരം സൃഷ്ടിക്കാൻ ആണെന്ന് എ.എ റഹീം എംപി. പുതിയ ലേബർ കോഡുകളുടെ അടിസ്ഥാനത്തിൽ ഒരു കോർട്ടറിൽ 144 മണിക്കൂർ വരെ ഓവർടൈം ജോലി ചെയ്യാം എന്നു നിഷ്‌കർഷിക്കുന്നുണ്ട്. ഇതിനോടകം ഏഴ് സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. മഹാരാഷ്ട്ര, ഹരിയാന, ഹിമാചൽപ്രദേശ്, ഒഡീഷ, കർണാടക, യുപി, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇതിനകം ഈ നയം നടപ്പാക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ കൂടി ഇത് നടപ്പിലാക്കാനാണ് ഇകണോമിക് സർവേ റിപ്പോർട്ട് ശിപാർശ ചെയ്യുന്നത്. 'വർക്ക് ലൈഫ് ബാലൻസ്' വലിയ പ്രശ്‌നമായി ഇപ്പോഴും ഐ.ടി ഉൾപ്പെടെയുള്ള എല്ലാ പുതിയ തൊഴിൽ മേഖലയിലും തുടരുകയാണ്. കടുത്ത മാനസിക സമ്മർദങ്ങൾ നേരിടുന്ന ഈ യുവത്വത്തിന് നേരെയാണ് കൂടുതൽ ജോലിഭാരവും ചൂഷണവും അടിച്ചേൽപ്പിക്കാൻ വീണ്ടും ശ്രമിക്കുന്നത്. ഓവർ ടൈം ജോലി എടുത്താൽ ശമ്പളമൊന്നും അധികം കൂടാൻ പോകുന്നില്ല, മാനസിക സമ്മർദം മാത്രമാകും കൂടുകയെന്നും എ.എ റഹീം പറഞ്ഞു.