കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ട് പരാതിക്കാരി രംഗത്ത്. തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് പിന്തിരിപ്പിക്കാനാണ് ഫെനിയുടെ ശ്രമമെന്നും തന്നെപ്പോലെ കൂടുതൽ ഇരകൾ പുറത്തുവരുന്നത് തടയാനാണ് ഈ നീക്കമെന്നും യുവതി ആരോപിച്ചു.(Incomplete chats were released, Rahul Mamkootathil case Complainant against Fenni Ninan)
ഫെനി പുറത്തുവിട്ട വാട്‌സ്ആപ്പ് ചാറ്റുകൾ അപൂർണ്ണമാണ്. തനിക്കുണ്ടായ പീഡനത്തെക്കുറിച്ച് രാഹുലിനോട് നേരിട്ട് സംസാരിക്കാൻ അവസരം വേണമെന്നാണ് താൻ ആവശ്യപ്പെട്ടത്. എന്നാൽ പീഡിപ്പിച്ചയാളെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു എന്ന് വരുത്തിത്തീർക്കാൻ ചാറ്റുകൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
2024 മുതൽ ഫെനിയുമായി സൗഹൃദമുണ്ട്. സഹോദരനെപ്പോലെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. രാഹുലിന്റെ അതിക്രമങ്ങളെക്കുറിച്ച് ആരോടും പറയരുതെന്ന് ഫെനി തന്നോട് ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ ജീവിതത്തിൽ മറ്റ് പെൺകുട്ടികളില്ലെന്നും ചുറ്റുമുള്ളത് ആരാധകർ മാത്രമാണെന്നുമാണ് ഫെനി തന്നെ വിശ്വസിപ്പിച്ചിരുന്നത്.
2025 ഓഗസ്റ്റിലെ വാർത്തകളിലൂടെയാണ് തന്നെപ്പോലെ മറ്റ് പെൺകുട്ടികളും വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ മാധ്യമസൃഷ്ടിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് രാഹുൽ ശ്രമിച്ചത്. മാനസിക സമ്മർദ്ദത്തിലായിരുന്ന തന്നെ രാഹുലും ഫെനിയും ചേർന്ന് ഒഴിവാക്കാൻ ശ്രമിച്ചു. നേരിട്ട് കാണാൻ പാലക്കാട് എത്തിയപ്പോൾ ഒരു ദിവസം മുഴുവൻ തന്നെ ഓടിച്ചുവെന്നും യുവതി സങ്കടത്തോടെ പറഞ്ഞു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫെനി നൈനാനെതിരെ ഇതിനോടകം കേസെടുത്തിട്ടുണ്ട്. യുവതിയുടെ സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടതിനും സൈബർ അധിക്ഷേപം നടത്തിയതിനുമാണ് നടപടി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ റിമാൻഡിൽ തുടരുകയാണ്. ഇയാളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും