
2023-24 സാമ്പത്തിക വർഷത്തെ വാർഷിക വരുമാന പ്രകാരമുള്ള ആദായനികുതി റിട്ടേൺ (Income Tax Return) സമർപ്പിക്കാനുള്ള അവസാന തീയതി വീണ്ടും പുതുക്കി നിശ്ചയിച്ച് ആദായനികുതി വകുപ്പ്(Income Tax Return Last Date). ഇന്ന് അർധരാത്രിയോടെ പിഴയില്ലാതെ അടയ്ക്കാമായിരുന്ന തീയതിയാണ് ജനുവരി 15 ലേക്ക് നീട്ടി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) ഉത്തരവിറക്കിയത്. ലേറ്റ് ഫീയോടു കൂടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്. വൈകിയ ആദായനികുതി റിട്ടേണുകളും കൂടുതൽ വിവരങ്ങൾ ചേർത്തും തെറ്റുകൾ തിരുത്തിയുമുള്ള പുതുക്കിയ റിട്ടേണുകളും ഇനി ജനുവരി 15 നകം സമർപ്പിച്ചാൽ മതിയാകും. വ്യക്തികൾക്ക് മാത്രമാണ് ഇതു ബാധകം. ബിസിനസ്സുകൾക്ക് ഈ ആനുകൂല്യം ലഭ്യമല്ല.
പിഴയില്ലാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ജൂലൈ 31ന് അവസാനിച്ചിരുന്നു. പിഴയോട് കൂടി അടയ്ക്കാനുള്ള സമയമാണ് ഡിസംബർ 31 വരെ ഉണ്ടായിരുന്നത്. അതാണ് ജനുവരി 15 ലേക്ക് വീണ്ടും പുതുക്കി നിശ്ചയിച്ചത്. 1,000 രൂപ മുതലാണ് പിഴ. വാർഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ 5,000 രൂപ പിഴയോട് കൂടിയും ജനുവരി 15 നകം റിട്ടേൺ സമർപ്പിക്കാം. അതേസമയം, വാർഷിക വരുമാനം ആദായ നികുതി ബാധകമല്ലാത്ത പരിധിക്കുള്ളിൽ ആണെങ്കിൽ പിഴ ബാധകമയിരിക്കില്ല.