
ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ മറന്നെങ്കിൽ, ഇനി മുന്നിൽ മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളു. 2023-24 വർഷത്തെ, വാർഷിക വരുമാന പ്രകാരമുള്ള ആദായനികുതി റിട്ടേൺ (Income Tax Return) സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്( Income tax Return Last Date). നാളെ തന്നെ റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്ന ശിക്ഷ തടവും പിഴയുമായിരിക്കും.
2024 ജൂലൈ 31 ന് പിഴയൊടുക്കാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം അവസാനിച്ചിരുന്നു. പിഴയോട് കൂടി അടയ്ക്കാനുള്ള സമയമാണ് ഡിസംബർ 31 ന് അവസാനിക്കാനിരിക്കുന്നത്. 1,000 രൂപ മുതലാണ് പിഴ തുടങ്ങുന്നത്. വാർഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ 5,000 രൂപ പിഴയോട് കൂടിയും ഡിസംബർ 31നകം റിട്ടേൺ സമർപ്പിക്കാം. അതേസമയം, നിങ്ങളുടെ വാർഷിക വരുമാനം ആദായനികുതി ബാധകമല്ലാത്ത പരിധിക്കുള്ളിൽ ആണെങ്കിൽ പിഴ ബാധകമല്ല.
വാർഷിക വരുമാനം പഴയ ആദായനികുതി വ്യവസ്ഥ (Old tax regime) പ്രകാരം 2.5 ലക്ഷം രൂപയ്ക്കും പുതിയ ആദായനികുതി വ്യവസ്ഥ (New tax regime) പ്രകാരം 3 ലക്ഷം രൂപയ്ക്കും മുകളിലാണെങ്കിൽ നിങ്ങൾ നിർബന്ധമായും ആദായനികുതി അടയ്‌ക്കേണ്ടതാണ്.