

തിരുവനന്തപുരം: യാത്രയ്ക്കിടെ പണം നൽകാൻ ശ്രമിച്ച അവസരത്തിൽ ഗൂഗിൾ പേ പരാജയപ്പെട്ടതിനെത്തുടർന്ന് രോഗിയായ യുവതിയെ രാത്രിയിൽ വഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ നടപടി. വെള്ളറട ഡിപ്പോയിലെ എംപാനൽ ജീവനക്കാരനായ സി. അനിൽകുമാറിനെയാണ് ജോലിയിൽ നിന്ന് മാറ്റിനിർത്തിയത്.(Incident of dropping off a sick woman on the road during a journey, Action taken against KSRTC bus conductor)
കഴിഞ്ഞ 26-ന് രാത്രി 8:45-ഓടെയായിരുന്നു സംഭവം. കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യയായ യുവതി കൂനമ്പനയിൽ നിന്നാണ് ബസ് കയറിയത്. അബദ്ധത്തിൽ പേഴ്സ് എടുക്കാൻ മറന്ന ഇവർ ടിക്കറ്റിനായി ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചു. എന്നാൽ സെർവർ തകരാർ മൂലം പണമിടപാട് പരാജയപ്പെട്ടു.
അല്പം ദൂരം പിന്നിടുമ്പോൾ റേഞ്ച് ലഭിക്കുമെന്നും അതല്ലെങ്കിൽ വെള്ളറടയിൽ കാത്തുനിൽക്കുന്ന ഭർത്താവ് പണം നൽകുമെന്നും ഇവർ അറിയിച്ചെങ്കിലും കണ്ടക്ടർ ഇത് ചെവിക്കൊണ്ടില്ല. മറ്റു യാത്രക്കാരുടെ മുന്നിൽ വെച്ച് അധിക്ഷേപിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്ത കണ്ടക്ടർ, കാരക്കോണത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് രാത്രിയിൽ യുവതിയെ നിർബന്ധപൂർവ്വം ഇറക്കിവിടുകയായിരുന്നു.