
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദേശീയ റാങ്കിങ് സൂചിപ്പിക്കുന്ന എൻ ഐ ആർ എഫ് പട്ടിക പുറത്ത് വന്നപ്പോൾ കേരളത്തിലെ സർവകലാശാലകളും കലാലയങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
മികച്ച സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റിൽ 9 ഉം 10 ഉം 11 ഉം റാങ്കുകൾ കേരളത്തിലെ സർവകലാശാലകൾക്കാണ്. കേരള സർവകലാശാല 9-ാം റാങ്കും, കൊച്ചിൻ സർവകലാശാല 10-ാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല 11-ാം റാങ്കും കാലിക്കറ്റ് സർവകലാശാല 43-ാം റാങ്കുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.
IIT കളും IIM കളും അടക്കം സർവകലാശാലകളുടേയും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പൊതുപട്ടികയിൽ കേരള സർവകലാശാല 38-ാം റാങ്കും, കുസാറ്റ് 51 ഉം, മഹാത്മാ ഗാന്ധി സർവകലാശാല 67 ഉം റാങ്കുകൾ നേടി.
രാജ്യത്തെ സർവകലാശാലകളുടെ മാത്രമായിട്ടുള്ള റാങ്കിങ് പട്ടിക പരിശോധിക്കുമ്പോൾ കേരളത്തിലെ പ്രധാന സർവകലാശാലകളായ കേരള സർവകലാശാല 21-ാം റാങ്കും, കുസാറ്റ് 34-ാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല 37ാം റാങ്കും, കാലിക്കറ്റ് സർവകലാശാല 89-ാം കരസ്ഥമാക്കിയിട്ടുണ്ട്.
കോളേജുകളുടെ പട്ടികയിൽ ആദ്യ 100 ൽ 16 കോളേജുകളും ആദ്യ 200 ൽ 42 കോളേജുകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ 300 ൽ 71 കോളേജുകളാണ് കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ളത്. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് 20-ാം റാങ്കും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് 22-ാം റാങ്കും, എറണാകുളം സെന്റ് തെരേസാസ് കോളേജ് 46-ാം റാങ്കും, സേക്രഡ് ഹാർട്ട് കോളേജ് തേവര 48-ാം റാങ്കും, ഗവ. വിമൻസ് കോളേജ് തിരുവനന്തപുരം 49-ാം റാങ്കും, എറണാകുളം മഹാരാജാസ് കോളേജ് 53-ാം റാങ്കും നേടിയിട്ടുണ്ട്.