
ബിഗ് ബോസ് സീസൺ ഏഴിൽ ഇഞ്ചിനോടിഞ്ച് പോരാട്ടമാണ് ഓരോ മത്സരാർത്ഥിയും കാഴ്ച വയ്ക്കുന്നത്. അതിനിടക്ക് തമാശകളും ട്രോളുകളും നടക്കാറുണ്ട്. ഇപ്പോൾ ബിഗ് ബോസ് തന്നെ ഒരു മത്സരാർത്ഥിയെ ട്രോളി രംഗത്തെത്തിയിട്ടുണ്ട്. മത്സരാർത്ഥിയായ നെവിനെയാണ് ബിഗ് ബോസ് ട്രോളിയത്. ചാർജില്ലാത്ത ബാറ്ററിയിട്ട മൈക്കണിഞ്ഞ് സംസാരിച്ചതിനാണ് ബിഗ് ബോസിൻ്റെ ട്രോൾ. ഒരു പഴയ ബാറ്ററിയും ഒരു പുതിയ ബാറ്ററിയുമാണ് മൈക്കിൽ ഇട്ടിരിക്കുന്നതെന്നും പറഞ്ഞുപറഞ്ഞ് മടുത്തു എന്നും ബിഗ് ബോസ് പറഞ്ഞു. ഇതിൻ്റെ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചിട്ടുണ്ട്.
മസ്താനി, അഭിലാഷ്, വേദ് ലക്ഷ്മി തുടങ്ങിയവരോട് നെവിൻ സംസാരിച്ചു കൊണ്ടിരിക്കവെയാണ് സംഭവം. നെവിനോട് മൈക്ക് ഓൺ ചെയ്യാൻ ബിഗ് ബോസ് പറയുന്നു. മൈക്കിലെ ബാറ്ററി തിരിച്ചും മറിച്ചും ഇട്ട് ഓൺ ചെയ്യാൻ ശ്രമിച്ചതോടെ ബാറ്ററി ചാർജ് തീർന്നതാണെന്ന് നെവിന് മനസ്സിലായി. ‘ബാറ്ററി തീർന്നു ബിഗ് ബോസ്, എങ്ങനെ ഓൺ ചെയ്യാൻ പറ്റും’ എന്നായി നെവിൻ്റെ നിലപാട്. ‘ബാറ്ററി കൊണ്ടുവന്ന് സ്റ്റോർ റൂമിൽ വെക്ക്, എന്നിട്ട് ഓൺ ചെയ്യാം’ എന്ന് നെവിൻ പറഞ്ഞതോടെ ‘ഓൺ ചെയ്യാതെ സംസാരിച്ചാൽ കേൾക്കില്ല’ എന്ന് ബിഗ് ബോസ് പറയുന്നു.
ഇതോടെ, നെവിൻ്റെ മൈക്കിലെ ബാറ്ററി തീർന്നു എന്ന് മസ്താനിയും വേദ് ലക്ഷ്മിയും അറിയിക്കുന്നു. പിന്നാലെ സാബുമാൻ്റെ മൈക്ക് പിടിച്ച്, ‘ചാർജില്ലാത്ത ബാറ്ററി ഇട്ടിട്ട് ഓൺ ചെയ്യ്, ഓൺ ചെയ്യ് എന്ന് പറഞ്ഞാൽ ഞാൻ എങ്ങനെ ഓൺ ചെയ്യും. മടുത്തു ഈ ജീവിതം’ എന്ന് നെവിൻ പറയുന്നു. ഇതിന് മറുപടിയായി ‘എനിക്കും മടുത്തു’ എന്നാണ് ബിഗ് ബോസ് പറയുന്നത്. പിന്നാലെ, ബാറ്ററി കൃത്യമായി മാറ്റത്തതുകൊണ്ടാണ് പ്രശ്നമുണ്ടായതെന്ന് ബിഗ് ബോസ് പറയുന്നു. മൈക്കിൽ ഒരു പഴയ ബാറ്ററിയും ഒരു പുതിയ ബാറ്ററിയുമാണ് എന്ന് ബിഗ് ബോസ് പറയുന്നതോടെ നെവിൻ സ്റ്റോർ റൂമിലേക്ക് ചെന്ന് ബാറ്ററി മാറുകയാണ്.